< Back
Kerala
കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി; എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമ കേസും ചുമത്തിയേക്കും
Kerala

കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി; എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമ കേസും ചുമത്തിയേക്കും

Web Desk
|
18 Oct 2022 6:39 AM IST

ഇന്നലെ യുവതിയുടെ വീട്ടിൽ നിന്ന് എം.എൽ.എയുടെ വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു

തിരുവനന്തപുരം: എട്ടാം ദിനവും ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പള്ളിക്കെതിരെ കുരുക്ക് മുറുക്കുകയാണ് പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ വധശ്രമത്തിന് കേസെടുക്കാനാണ് നീക്കം. കോവളത്ത് സെപ്റ്റംബർ 14നാണ് വധശ്രമം നടന്നത്.

കോവളം ആത്മഹത്യാമുനമ്പിൽ വെച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ കുന്നപ്പിള്ളിൽ ശ്രമിച്ചെന്നാണ് രഹസ്യ മൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും യുവതി ആരോപിക്കുന്നത്. എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇന്നലെ ബലാൽസംഗ കേസിലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.

യുവതിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെടുത്തു. മദ്യക്കുപ്പി വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കും. യുവതിയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കാട്ടി പരാതിക്കാരി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇന്ന് കോടതിയെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കി.


Similar Posts