< Back
Kerala
കേസ് ഒഴിവാക്കാന്‍ ഗൂഗിള്‍പേ വഴി 14,000 രൂപ കൈക്കൂലി  വാങ്ങി; കണ്ണൂരിൽ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
Kerala

കേസ് ഒഴിവാക്കാന്‍ ഗൂഗിള്‍പേ വഴി 14,000 രൂപ കൈക്കൂലി വാങ്ങി; കണ്ണൂരിൽ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Web Desk
|
10 Jun 2025 7:47 AM IST

പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്

കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി കേസില്‍ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. മെയ്13 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം.

രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയിൽ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖില്‍ ജോണിനെ സ്‌റ്റേഷനില്‍ കൊണ്ടു പോവുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.

പകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.


Similar Posts