< Back
Kerala
പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണമുണ്ടെന്നും ലക്ഷ്യം പീഡനമെന്നും പൊലീസ്
Kerala

പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണമുണ്ടെന്നും ലക്ഷ്യം പീഡനമെന്നും പൊലീസ്

Web Desk
|
26 Oct 2021 4:38 PM IST

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്.

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പൊലീസ് നിഗമനം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി. പരിക്ക് ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവ സ്ഥലത്ത് നിന്നു ലഭിക്കുകയുണ്ടായി. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.

Similar Posts