< Back
Kerala
ep jayarajan vs dc books
Kerala

ഇ.പി ജയരാജൻ്റെ പുസ്തക വിവാദം; ഉള്ളടക്കം ചോർന്നത് ഡിസി ബുക്സിൽ നിന്നും തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്

Web Desk
|
28 Dec 2024 11:28 AM IST

പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറാണ് ഉള്ളടക്കം ചോർത്തി നൽകിയത്

തിരുവനന്തപുരം: ഇ.പി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിന്‍റെ ഉള്ളടക്കം ചോർന്നത് ഡിസി ബുക്സിൽ നിന്നും തന്നെയെന്ന് പൊലീസ് റിപ്പോർട്ട് . പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറാണ് ഉള്ളടക്കം ചോർത്തി നൽകിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായ അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്‍പി ഡിജിപിക്ക് സമർപ്പിച്ചു. പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

തൻ്റെ പേരിലുള്ള പുസ്തകത്തിലെ വിവരങ്ങൾ പുറത്തായതിനു പിന്നാലെ ഇപി ജയരാജൻ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കോട്ടയം എസ്‍പി സമർപ്പിച്ച ആദ്യ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപി തള്ളി. തുടർന്ന് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിലാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം ഡിസിയിൽ നിന്നും തന്നെയാണ് ചോർന്നതെന്ന ഗൗരവതരമായ കണ്ടെത്തൽ. ഡിസി ബുക്സ് നടപടിയെടുത്ത പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ഉള്ളടക്കം പുറത്തുവിട്ടത്. എന്നാൽ പകർപ്പാവകാശ നിയമം അടക്കം ബാധകമായ കേസിൽ നേരിട്ട് കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം ഇ.പിയുമായി ഡിസി ബുക്സിന് കരാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. കരാറില്ലെന്ന് ഡി.സി രവിയും പൊലീസിനു മൊഴി നൽകിയിരുന്നു. കൂടാതെ ഡിസി ബുക്സിലെ ജീവനക്കാരെ അടക്കം നേരിൽ കണ്ട് പൊലീസ് വിവരങ്ങൾ തേടി. ഉപതിരഞ്ഞെടുപ്പ് ദിവസം പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന പേരിൽ മാധ്യമങ്ങളിൽ വാർത്ത വന്നതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പിയുടെ പരാതി. ഇപിയെ പിന്തുച്ച സിപിഎമ്മും സർക്കാരും ഗൂഢാലോചന വാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തീർക്കുകയും ചെയ്തു.



Similar Posts