< Back
Kerala
അനുപമയുടെ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്
Kerala

അനുപമയുടെ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

Web Desk
|
23 Oct 2021 7:34 PM IST

വിഷയത്തില്‍ പാലീസ് ആക്ഷേപം നേരിട്ടതോടെയാണ് ഡിജിപി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. പരാതി അന്വേഷിക്കുന്നതിലോ വിഷയം കൈകാര്യം ചെയ്യുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

കുഞ്ഞിനെ പ്രസവിച്ച് ആറു മാസത്തിനു ശേഷമാണ് അനുപമ ആദ്യ പരാതി നല്‍കിയത്. അച്ഛന്‍ ഒപ്പിട്ടു വാങ്ങിയ രേഖകള്‍ തിരികെ ലഭിക്കണമെന്നായിരുന്നു അനുപമയുടെ പരാതി. അച്ഛന്റെ മൊഴി എടുത്തതിനുശേഷം തുടര്‍നടപടി അവസാനിച്ചതിനു പിന്നാലെ അനുപമ രണ്ടാമത്തെ പരാതി നല്‍കി. കുട്ടിയെ കൊണ്ടു പോയി എന്നതായിരുന്നു പരാതി. കുട്ടിയെ തട്ടിക്കൊണ്ടു പൊയതിനും വ്യാജ രേഖ ഉണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ടെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.

വിഷയത്തില്‍ പാലീസ് ആക്ഷേപം നേരിട്ടതോടെയാണ് ഡിജിപി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. ദത്ത് നൽകുന്ന നടപടി ക്രമങ്ങൾ നിർത്തി വെക്കാൻ ശിശുക്ഷേമ സമിതിക്ക് സർക്കാർ നിർദേശം നൽകി. അനുപമയുടെ പരാതി സർക്കാർ വഞ്ചിയൂർ കോടതിയെ അറിയിക്കും. ഇതിനായി സര്‍ക്കാര്‍ പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. സിഡബ്ല്യുസിക്ക് എതിരെ നടപടി വേണം. സമരം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.

Related Tags :
Similar Posts