< Back
Kerala
Police saved young man life
Kerala

ഞാൻ മരിക്കാൻ പോവുകയാണെന്ന് ഫോൺ സന്ദേശം; അടിയന്തര ഇടപെടലിലൂടെ യുവാവിന്റെ ജീവൻ രക്ഷിച്ച് വാടാനപ്പള്ളി പൊലീസ്

Web Desk
|
3 Aug 2025 10:30 PM IST

ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്.

വാടാനപ്പള്ളി: വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ സൗമ്യ, സ്റ്റേഷൻ ഫോണിലേയ്ക്ക് വന്ന കോൾ എടുത്തത്. "ഞാൻ മരിക്കാൻ പോവുകയാണ് " എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. സൗമ്യ ഫോൺ വിളിച്ച യുവാവിനെ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജിഡി ചാർജിലുണ്ടായിരുന്ന സീനിയ‍ർ സിവിൽ പൊലീസ് ഓഫീസ‍ർ ഫിറോസിനെ അറിയിച്ചു.

ഫിറോസ് യുവാവുമായി നേരിട്ട് സംസാരിച്ച് ഫോൺ നമ്പർ വാങ്ങി വീഡിയോ കോളിലൂടെ ബന്ധപ്പെടുമ്പോൾ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതായാണ് കണ്ടത്. ഫിറോസ് ഉടൻ സ്റ്റേഷൻ ഇൻസ്പെക്ട‍ർ ഷൈജു എൻ.ബിയെ വിവരം അറിയിച്ചു. ഫോൺ നമ്പർ ട്രേസ് ചെയ്ത്, ഫിറോസ്, സിപിഒമാരായ ജോർജ് ബാസ്റ്റ്യൻ, ശ്യം എന്നിവരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീട്ടിൽ ചെന്നപ്പോൾ ഒരു റൂമിൽ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു. കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനൽ പൊട്ടിച്ച് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്ന പോലീസ് സംഘം തൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി, യുവാവിന് സിപി‌ആർ നൽകി. ഉ

ആംബുലൻസ് വിളിച്ച് വലപ്പാട് ദയാ ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാനായതിൻറെ ആശ്വാസത്തിലാണ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

Similar Posts