< Back
Kerala
കല്യാണിയുമായി സന്ധ്യ ആലുവാ മണപ്പുറത്തെത്തി, ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ മടങ്ങി; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
Kerala

കല്യാണിയുമായി സന്ധ്യ ആലുവാ മണപ്പുറത്തെത്തി, ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ മടങ്ങി; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

Web Desk
|
21 May 2025 8:12 AM IST

സംഭവത്തില്‍ സന്ധ്യയുടെ അടുത്ത ബന്ധുക്കളെയും ഉടൻ ചോദ്യം ചെയ്യും

കൊച്ചി: എറണാകുളം ആലുവയിൽ മൂന്നുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കല്യാണിയുമായി അമ്മ സന്ധ്യ ആലുവ മണപ്പുറത്തും എത്തി. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാർ ചോദ്യം ചെയ്തതോടെ അവിടെ നിന്നും മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് ആലുവ മണപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പിന്നീടാണ് പിന്നീട് മൂഴിക്കുളത്തെത്തി സന്ധ്യ കുട്ടിയെ പാലത്തില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയത്.

അതേസമയം,കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വിട്ടുപറയുന്നില്ല. അതുകൊണ്ടുതന്നെ കൊലപാതകത്തിന്‍റെ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.

സംഭവത്തില്‍ സന്ധ്യയുടെ അടുത്ത ബന്ധുക്കളെയും ഉടൻ ചോദ്യം ചെയ്യും. ചൊവ്വാഴ്യാണ് അമ്മ സന്ധ്യയെ റിമാൻഡ് ചെയ്ത് കാക്കനാട് വനിത ജയിലിലേക്ക് മാറ്റിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മുൻപ് പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്ന പരാതികളും വിശദമായി അന്വേഷിക്കും.

തിങ്കളാഴ്ച വൈകിട്ടാണ് മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബസ് യാത്രക്കിടെ കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും ആദ്യം ഇതുതന്നെ പറഞ്ഞെങ്കിലും പുഴയിലെറിഞ്ഞെന്ന് പിന്നീട് മൊഴി നല്‍കി. കുട്ടിയുമായി സന്ധ്യ പോകുന്ന സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. കൊലപാതകത്തിന് ശേഷവും സന്ധ്യക്ക് കൂസലൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.


Similar Posts