< Back
Kerala
തുടര്‍ഭരണം അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം; സച്ചിദാനന്ദൻ
Kerala

'തുടര്‍ഭരണം അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം'; സച്ചിദാനന്ദൻ

Web Desk
|
9 Feb 2026 10:48 AM IST

ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്

തൃശൂര്‍: രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും താൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്‍റെ കാര്യത്തിലും സാക്ഷരത കാര്യത്തിലും ഒക്കെ ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നു. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. വർഗീയമല്ലാത്ത വലിയ ന്യൂനപക്ഷം കേരളത്തിലുണ്ട്. അത്തരത്തിലുള്ള ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കണം. ഹിന്ദുത്വ നേതൃത്വത്തിന്‍റെ കാലത്ത് അത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. ഇത് കമ്മ്യൂണിസ്റ്റുകാർ മറന്നുപോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സച്ചിദാനന്ദന് പിന്നാലെ തുടർഭരണം ആവശ്യമില്ല എന്ന പ്രസ്താവനയുമായി എഴുത്തുകാരി സാറാ ജോസഫും രംഗത്ത് എത്തി. ജനാധിപത്യം അപകടാവസ്ഥയിലാണ്, ഇതിനെതിരെ ജനങ്ങളുടെ ശബ്ദം പുറത്തുവരണം. എല്ലാ സർക്കാരും പ്രേമനം ആണ് ലക്ഷ്യമിടുന്നതെന്നും വെള്ളാപ്പള്ളിയുമായി സർക്കാർ കൂട്ടുകൂടുന്നത് അക്രമമാണെന്നും സാറാ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സാംസ്കാരിക പ്രവർത്തകരിൽ നിന്നും ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ വരും ദിവസങ്ങളിലും ചർച്ചയാകും എന്ന് ഉറപ്പാണ്.


എന്നാൽ തുടർച്ചയായി സർക്കാർ വന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദൻ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദൻ സൂചിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽഡിഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ശൈലജ അവകാശപ്പെട്ടു.

Similar Posts