< Back
Kerala
Possible list of CPI candidates for Lok Sabha election
Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാർഥികളുടെ സാധ്യതാ പട്ടികയായി

Web Desk
|
4 Feb 2024 3:48 PM IST

വയനാട്ടിൽ ദേശീയ നേതാവായ ആനി രാജയേയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനേയുമാണ് പരിഗണിക്കുന്നത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ് സുനിൽകുമാർ, വയനാട്ടിൽ ആനി രാജ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരെയാണ് പരിഗണിക്കുന്നത്. ഈ മാസം 10, 11 തീയതികളിൽ ചേരുന്ന സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകും.

സ്ഥാനാർഥി നിർണയത്തിൽ ഈ മാസം പകുതിയോടെ അന്തിമ തീരുമാനത്തിലെത്താനാണ് ഇടത് മുന്നണി തീരുമാനം. 15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസും മത്സരിക്കാനാണ് ഇടത് മുന്നണിയിലെ ധാരണ.

രാഹുൽ ഗാന്ധി എത്തിയതോടെ ദേശീയ ശ്രദ്ധയിലേക്കുയർന്ന വയനാട്ടിൽ ഒരു ദേശീയ നേതാവിനെ തന്നെ രംഗത്തിറക്കുന്നതിന്റെ ഭാഗമായാണ് ആനി രാജയെ പരിഗണിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ വി.എസ് സുനിൽകുമാറിന്റെ ജനകീയത വോട്ടായി മാറിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതിക്ഷ.

എ.ഐ.വൈ.എഫ് നേതാവാണ് മാവേലിക്കരയിൽ പരിഗണിക്കുന്ന സി.എ അരുൺകുമാർ. ഡൽഹിയിലെ കർഷക സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളാണ് അദ്ദേഹം. തിരുവനന്തപുരത്ത് ബിനോയ് വിശ്വത്തിന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. അദ്ദേഹം പാർട്ടി സെക്രട്ടറിയായ സാഹചര്യത്തിലാണ് മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രനെ പരിഗണിക്കുന്നത്.

Similar Posts