< Back
Kerala
ഒറ്റുകാരനെ നാട്ടുകാര്‍ തിരിച്ചറിയും; വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ
Kerala

'ഒറ്റുകാരനെ നാട്ടുകാര്‍ തിരിച്ചറിയും'; വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ

Web Desk
|
24 Jan 2026 6:31 AM IST

കാറമേൽ മുച്ചിലോട്ടിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ. ഒറ്റുകാരനെ നാട്ടുകാർ തിരിച്ചറിയുമെന്ന് പോസ്റ്ററിൽ . കാറമേൽ മുച്ചിലോട്ടിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.അതേസമയം ടി.ഐ. മധുസൂദനൻ എംഎൽഎ അടങ്ങിയ സംഘം രക്തസാക്ഷി ഫണ്ടടക്കം തട്ടിയെടുത്തെന്ന കുഞ്ഞികൃഷ്ണൻ്റെ പ്രസ്താവനയിൽ നടുങ്ങി സിപിഎം നേതൃത്വം. കുഞ്ഞികൃഷ്ണൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നന്നാണ് വാർത്താകുറിപ്പിൽ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.

ശത്രുക്കൾക്ക് ആക്രമിക്കാൻ ആയുധം നൽകിയ പ്രസ്താവന തള്ളിക്കളയുന്നു എന്നും ജില്ല സെക്രട്ടറിയുടെ പ്രസ്താവനയിൽ ഉണ്ട്. അതേസമയം ഗുരുതര ആരോപണം പരസ്യമായി ഉന്നയിച്ചിട്ടും കടുത്ത നടപടി എടുക്കാത്തത് എന്തു കൊണ്ടാണെന്ന മറുചോദ്യം ഉയരുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് സാഹചര്യം ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ കുഞ്ഞിക്കൃഷ്ണനെതിരെ എന്ത് നടപടി എടുത്താലും വലിയ രീതിയിൽ ചർച്ച ആകുമെന്ന കാര്യം ഉറപ്പാണ്.

അതിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് നടക്കും. എകെജി സെൻ്ററിൽ രാവിലെ 10.30നാണ് യോഗം ആരംഭിക്കുന്നത്. കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ട . കേരളത്തിൽ മൂന്നാമത്തെ തുടർഭരണത്തിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രകമ്മിറ്റി നിർദേശം. കുഞ്ഞിക്കൃഷ്ണന്‍റെ വെളിപ്പെടുത്തൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് അടക്കം തട്ടിച്ചു എന്നാണ് ഗുരുതര ആരോപണം . എന്നാൽ അന്വേഷണ കമ്മീഷനൻ പരിശോധിച്ച വിഷയം വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് ചില നേതാക്കളുടെ നിലപാട്.

കണ്ണൂരില്‍ ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്‍റെ വെളിപ്പെടുത്തൽ. ടി.ഐ മധുസൂധനൻ എംഎൽഎയാണ് ഫണ്ട് തട്ടിയെടുത്തത്. പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചിരുന്നു.



Similar Posts