
'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ?;കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പോസ്റ്ററുകൾ
|ഗ്രീൻ ആർമി എന്ന പേരിലാണ് രാവിലെ മുതൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
മലപ്പുറം: വേങ്ങരയിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പോസ്റ്റര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ എന്ന് പോസ്റ്ററിൽ. ഗ്രീൻ ആർമി എന്ന പേരിലാണ് രാവിലെ മുതൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
'യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് അറസ്റ്റിലായ ക്രൂരനും മാഫിയ തലവനുമായ അബുതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്. യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും പാർട്ടി പ്രവർത്തന പരിചയവും അനുഭവ സമ്പത്തും പരിചയവും ഉള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ലെന്നും' പോസ്റ്ററിലുണ്ട്. വേങ്ങരയിലും പരിസരപ്രദേശത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം, മലപ്പുറംവേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.അങ്ങനെയുള്ള തീരുമാനങ്ങൾ ഒന്നുമില്ലെന്നും വേങ്ങരയിൽ വേറെ ആളാണ് പ്രസിഡന്റ് ആകുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി മൻസൂർ കോയ തങ്ങളെ പിന്നീട് നേതൃത്വം പ്രഖ്യാപിച്ചു.