< Back
Kerala
ശരീരത്തിൽ  മുറിവുകളോ പരിക്കുകളോ ഇല്ല;  സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala

'ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല'; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Web Desk
|
28 Dec 2025 1:45 PM IST

വീട്ടിൽ നിന്നും 800 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നാണ് ആറുവയസുകാരന്‍റെ മൃതദേഹം ലഭിച്ചത്

പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സുഹാന്റെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും കണ്ടെത്തി. കാണാതായി 21 മണിക്കൂറിന് ശേഷമാണ് സുഹാന്‍റെ മൃതദേഹം ലഭിച്ചത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാനെ കാണാതായത്. എട്ടു വയസുള്ള സഹോദരനോട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. സമീപത്തെ കുളങ്ങളിൽ ഇന്നലെയും ഇന്ന് രാവിലെയും പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വീട്ടിൽ നിന്നും 800 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കുളത്തിൽ കുളിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത് .

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോർട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മന്ത്രി കെ.കൃഷ്ണൻ കുട്ടിയടക്കം ആശുപത്രിയില്‍ എത്തി. എന്താണ് സംഭവിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സുഹാൻ്റെ പിതാവ് മുഹമ്മദ് അനസ് ഗൾഫിൽ നിന്നും നാട്ടിലെത്തി. സുഹാൻ്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.


Similar Posts