< Back
Kerala
‘പട്ടിയെ വെട്ടി അക്രമം പരിശീലിക്കുന്നു’ ; എസ്എഫ്ഐ നേതാക്കൾ ഉന്നയിച്ച   ആരോപണങ്ങളുടെ വസ്തുതയെന്ത്, പൊലീസ് റിപ്പോർട്ട് വായിക്കാം
Kerala

‘പട്ടിയെ വെട്ടി അക്രമം പരിശീലിക്കുന്നു’ ; എസ്എഫ്ഐ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതയെന്ത്, പൊലീസ് റിപ്പോർട്ട് വായിക്കാം

Web Desk
|
19 Aug 2025 12:07 PM IST

നായ്ക്കളുടെ മുറിവുകൾ പരിശോധിച്ച ഡോക്ടർമാർ ആരും തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിൽ സംഘടനാവിരോധം മൂലം വ്യാജമായി ആരോപണം ഉന്നയിക്കുന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു

കോഴിക്കോട്: പട്ടിയെ വെട്ടി അക്രമം നടത്തുന്നവരുടെ ബാക്കിപത്രമാണ് എംഎസ്എഫ് എന്ന എസ്എഫ്ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെ ചര്‍ച്ചയായി പഴയൊരു പൊലീസ് റിപ്പോര്‍ട്ട്.

മലപ്പുറത്ത് നായ്ക്കളെ വെട്ടി അക്രമം പരിശീലിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് മലപ്പുറം എസ് പി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ച റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. വ്യാജ ആരോപണമാണിതെന്നായിരുന്നു അന്വേഷണ സംഘത്തിന്റ കണ്ടെത്തല്‍.

2012 ല്‍ മലപ്പുറം എസ് പി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായി അന്വേഷിച്ച് തള്ളിക്കളഞ്ഞ സംഘ്പരിവാർ ആരോപണമാണ് എംഎസ്എഫിനെ വർഗീയ ചാപ്പ കുത്താനായി എസ് എഫ് ഐ വ്യാജമായി ആവർത്തിച്ചത്. സംഘ്പരിവാർ നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയ പ്രചാരണം കേരളത്തിൽ അന്ന് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ പൊലിസ് വിശദമായി അന്വേഷണം നടത്തി ആരോപണങ്ങളെ തള്ളിയിരുന്നു.

നായ്ക്കളുടെ മുറിവുകൾ പരിശോധിച്ച ഡോക്ടർമാർ ആരും തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും സംഘടനാവിരോധം മൂലം വ്യാജമായി ആരോപണം ഉന്നയിക്കുന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ സംഘപരിവാർ നേതാക്കളും ബിജെപി നേതാക്കളും ഇപ്പോഴും പഴയ വ്യാജആരോപണം ചർച്ചകളിലും പ്രസംഗങ്ങളിലും ഉന്നയിക്കാറുണ്ട്.

2012 നവംബർ അഞ്ചിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി തൃശൂർ റേഞ്ച് ഐജിക്ക് ഏഴ് പേജിൽ നൽകിയ റിപ്പോർട്ടിൽ പൊലീസിന്റെ വിശദമായ അന്വേഷണത്തെയും ക​ണ്ടെത്തലിനെയും പറ്റി വിശദീകരിച്ചു പറയുന്നുണ്ട്. ആ റിപ്പോർട്ടിന്റെ പൂർണരൂപം ഇങ്ങനെയാണ്.

മലപ്പുറം ജില്ലയിൽ നായ്ക്കൾക്കെതിരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഞ്ചേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, തിരൂർ, നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർമാരും അരീക്കോട്, മേലാറ്റൂർ, പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർമാരും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സപ്പോർട്ട് ടീം അംഗങ്ങളും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുള്ളതാണ്. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ രണ്ട് ആലോചനായോഗങ്ങൾ ഉൾപ്പെടെ നാല് യോഗങ്ങൾ കൂടി വിശദമായ അന്വേഷണം ഈ സംഘം നടത്തിയിട്ടുള്ളതാണ്.

നായ്ക്കൾക്ക് പരിക്കേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പരിസരങ്ങൾ ആയുധങ്ങൾക്കു വേണ്ടിയും നായ്ക്കളുടെ വാസസ്ഥലങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടിയും, സാമൂഹികവിരുദ്ധരെ കണ്ടെത്തുന്നതിനു വേണ്ടിയും പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിട്ടുള്ളതാണ്. ഇതിനോടൊപ്പം തന്നെ Combing operation, Area domination, Vehicle checking എന്നിവയും, സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന അപരിചിതരെ പരിശോധിക്കുകയും, അപ്രതീക്ഷിത സാഹചര്യങ്ങളിൽ DPHQ-വിലെ പോലീസ് പാർട്ടിയെ ഉപയോഗിച്ച് നൈറ്റ് പട്രോളിങ്ങും നടത്തിയിട്ടുള്ളതാണ്. മേൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ മൊബൈൽ ഫോൺ ടവറുകളുടെ പരിധിയിലുള്ള കാൾ ഡീറ്റയിൽസ് ശേഖരിക്കുകയും അവ വിശദമായ വിശകലനം നടത്തുകയും കൂടാതെ സംശയാസ്പദമായ കാളുകൾ നടത്തിയവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുള്ളതുമാണ്.

വാർത്തകളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കെടുത്ത് കൊണ്ട് തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത-രാഷ്ട്രീയ തീവ്രവാദസംഘടനകളുടെ പ്രവർത്തകരെ നിരീക്ഷിക്കുകയും സംശയമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

തെരുവു നായ്ക്കളുടെ വാസസ്ഥലങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചിട്ടുള്ളതും അവ ആഹാരത്തിനായി പോവുന്ന സ്ഥലങ്ങളും അവയെ അപായപ്പെടുത്താൻ സാധ്യതയുള്ള സ്ഥലങ്ങളും (അറവ് ശാല, മീൻചന്ത പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ തെരുവുനായ്ക്കളെ അപായപ്പെടുത്താൻ സാധ്യതയുള്ള ആളുകളേയും സംഘടനകളേയും കണ്ടെത്തുവാൻ ശ്രമിക്കുകയും നായ്ക്കളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെടുകയും അവയെ ഉപദ്രവിക്കാൻ സാധ്യതയുള്ളവരെക്കുറിച്ച് ജനമൈത്രി പോലീസിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തിയിട്ടുള്ളതാണ്.

തെരുവുനായ്ക്കളെ പരിക്കു പറ്റിയതായി കാണപ്പെട്ട സ്ഥലത്തും പരിസരങ്ങളിലും ഊർജ്ജിതമായ വാഹനപരിശോധന നടത്തുകയും നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ, അസമയത്ത് കാണപ്പെടുന്ന അപരിചിതർ എന്നിവരെ പരിശോധിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

06-12-12 തിയതി വരെ മലപ്പുറം ജില്ലയിൽ 31 നായ്ക്കൾക്ക് പരിക്കേറ്റതായി വിവരം ലഭിച്ചിട്ടുള്ളതാണ്. ഇതിൽ 10 സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ആകെ വിവരം ലഭിച്ചതിൽ അരീക്കോട്, പാണ്ടിക്കാട്, ചങ്ങരംകുളം, കോട്ടക്കൽ, തിരൂരങ്ങാടി, കൊളത്തൂർ, തേഞ്ഞിപ്പാലം, കുറ്റിപ്പുറം, വാഴക്കാട്, മലപ്പുറം, തിരൂർ, പൊന്നാനി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഓരോ സംഭവം വീതവും, പെരിന്തൽമണ്ണ, കാളികാവ്, പോത്തുകൽ, കൊണ്ടോട്ടി എന്നീ സ്റ്റേഷനുകളിൽ 2 സംഭവങ്ങളിലുമായി 20 നായ്ക്കളെ കണ്ടെത്താൻ സാധിച്ചിട്ടുള്ളതാണ്. ആയതിൽ 11 നായ്ക്കളെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുള്ളതുമാണ്.

ഇതു വരെയുള്ള അന്വേഷണത്തിൽ നിന്നും ചത്തതും, പരിക്കേറ്റതുമായ മേൽപ്പറഞ്ഞ നായ്ക്കളെ 20 വെറ്റിനറി സർജന്മാരെ കൊണ്ട് പരിശോധിപ്പിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ വെളിവായിട്ടുണ്ട്.

1. ഒരു സന്ദർഭത്തിൽപ്പോലും വെട്ടേറ്റ് രക്തമൊലിക്കുന്ന നിലയിൽ ഒരു നായയെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് ഏറ്റ പരിക്ക് പഴുത്ത് അളിഞ്ഞ നിലയിലാണ് നായ്ക്കളെ കണ്ടെത്തിയിട്ടുള്ളത്. മലപ്പുറം ജില്ല പോലെ ജനസാന്ദ്രതയുള്ള ഒരു സ്ഥലത്ത് മുറിവേറ്റ് രക്തമൊലിക്കുന്ന നിലയിലുള്ള ഒരു നായയെപ്പോലും കണ്ടതായി വിവരം ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

2. റിപ്പോർട്ട് ചെയ്ത സംഭവങ്ങളിൽ ഒന്നിലും മുറിവുകൾ പരിശോധിച്ച ഡോക്ടർമാർ ആരും തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

3. ഒരു നായയെപ്പോലും ആരെങ്കിലും ആക്രമിക്കുന്നത് കണ്ടതിന് ദൃക്സാക്ഷികൾ ഇല്ല എന്നതും ശ്രദ്ധേയമാണ്.

4. നായ്ക്കളെ പരിക്കേൽപ്പിക്കുന്നതിനായി ലഭിച്ച വിവരങ്ങൾ വിശദമായി അന്വേഷിച്ചതിൽ ആയത് സംഘടനാവിരോധം മൂലം വ്യാജമായി ആരോപണം ഉന്നയിക്കുന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. പരിക്കേൽപ്പിക്കുന്ന വിവരം അറിയിക്കുന്ന ആളുകൾക്ക് ജില്ലാ പോലീസ് മേധാവി പാരിതോഷികം നൽകാമെന്ന് പത്രമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടു പോലും ഈ സമയമത്രയും വിശ്വസനീയമായ ഒരു വിവരം പോലും ലഭ്യമായിട്ടില്ല.

5. മൃഗ ഡോക്ടർമാരോട് അന്വേഷിച്ചതിൽ നായ്ക്കൾക്ക് മുറിവേറ്റാൽ അവ സ്വയം നക്കി ഉമിനീർ കൊണ്ട് മുറിവ് വൃത്തിയാക്കാറുണ്ടെന്നും, സ്വാഭാവികമായും ഒരുവിധപ്പെട്ട മുറിവുകൾ പ്രത്യേക ചികിത്സയില്ലാതെ തന്നെ ഭേദമാകാറുണ്ടെന്നും അറിവായിട്ടുള്ളതാണ്. എന്നാൽ തലയിലും കഴുത്തിലും നായ്ക്കൾക്ക് സ്വയം നക്കാൻ കഴിയാത്തതിനാലും, അവിടെയുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഈച്ച മുട്ടയിട്ട് പഴുത്ത് പുഴുവരിച്ച് മൂന്ന് നാല് ദിവസം കൊണ്ട് വലിയ മുറിവായി ക്രമേണ മാരകമായ വിധത്തിൽ അണുബാധയുണ്ടാകുന്നതിനാലുമാണ് മരണം സംഭവിക്കുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്..

6. പരിക്കേറ്റ് നായ്ക്കളെ കണ്ടെത്തിയ പരിസരപ്രദേശങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ നിന്നും ഇവ മനുഷ്യനാൽ ആക്രമിക്കപ്പെട്ടതാണെന്നതിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല.

7. റിപ്പോർട്ടായ സംഭവങ്ങളിൽ തലക്ക് മുറിവേറ്റ നായ്ക്കളെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയതിൽ തലയിൽ തൊലി കഴിഞ്ഞാൽ പിന്നീട് തലയോട്ടി ആണുള്ളതെന്നും ആയതിനിടയിൽ Muscle layer ഇല്ലാത്തതിനാലും തലക്ക് മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽക്കുന്ന പക്ഷം നായയുടെ തലയോട്ടിക്ക് ക്ഷതം അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. എന്നാൽ മേൽപ്പറഞ്ഞ ഒരു കാണേണ്ടതാണെന്നും സംഭവത്തിലും ഈ രീതിയിൽ അസ്ഥിക്ഷതം കാണാൻ സാധിച്ചിട്ടില്ലാത്തതും ശ്രദ്ധേയമാണ്.

8. റിപ്പോർട്ടായ ചില കേസുകളിൽ പരിക്കു പറ്റിയത് വളർത്തു നായ്ക്കൾക്കായിരുന്നുവെന്നും അവയിൽ ഒരു സംഭവത്തിൽ കഴുത്തിൽ മുറിവുണ്ടായിട്ടും ബെൽറ്റിന് യാതൊരു ക്ഷതവും ഏറ്റിട്ടില്ലായെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു നായയുടെ ഉടമസ്ഥനോട് നായയുടെ പരിക്കിനെക്കുറിച്ച് അന്വേഷിച്ചതിൽ ആദ്യം കഴുത്തിനു പിറകിൽ ഒരു ചെറിയ 'punctured wound' ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ആയതിൽ യൂക്കാലിപ്സും പിന്നീട് ഡെറ്റോളും ഉപയോഗിച്ച് മുറിവുണക്കാൻ ശ്രമിച്ചു എന്നും എന്നാൽ അഞ്ചാറ് ദിവസം കൊണ്ട് മുറിവ് വലുതായി വെട്ടേറ്റു എന്നാരോപിക്കുന്ന രീതിയിൽ ആയിത്തീരുകയുമാണ് ഉണ്ടായത് എന്നും മൊഴി തന്നിട്ടുള്ളതാണ്. ജില്ലയിൽ റിപ്പോർട്ടായ സംഭവങ്ങളിലൊക്കെയും സമാനമായ രീതിയിൽ, ചെറിയ മുറിവുകൾ ക്രമേണ വലുതായി അണുബാധയെത്തുടർന്ന് വലുതായി മരണം സംഭവിക്കുന്നതാണെന്ന് വെളിവായിട്ടുള്ളതാണ്.

9. റിപ്പോർട്ടായ സംഭവങ്ങളിൽ നായ്ക്കൾ ചത്തത് വിവിധ സാഹചര്യങ്ങളിൽ ഏറ്റ പരിക്കു മൂലമാണെന്ന് മനസ്സിലാകുന്നുണ്ട്. മൊത്തം കാണപ്പെട്ട 30 നായ്ക്കളിൽ 28 ആണും 2 പെണ്ണുമാണ്. കന്നിമാസം നായ്ക്കൾ ഇണചേരുന്ന സമയമായതിനാൽ വളർത്തുനായ്ക്കൾ പോലും സ്വാഭാവികമായ മൃഗവാസന മൂലം തെരുവു നായ്ക്കളുടെ കൂട്ടത്തിൽ എത്തിച്ചേരുന്നതിനും അവിടെ വെച്ച് കടിപിടി കൂടി പരിക്കേൽക്കുന്നതിനും സാധ്യത കൂടുതലാണ്. ഈ പരിക്കുകൾ മുമ്പ് പറഞ്ഞ രീതിയിൽ പഴുത്ത് പുഴുവരിച്ച് വലുതാവുകയും ഇതാണ് പിന്നീട് വെട്ടേറ്റതാണെന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കപ്പെടാൻ ഇടയാകുന്നത് എന്നും മനസ്സിലാകുന്നുണ്ട്. നായ്ക്കൾ ഇണ ചേരുന്ന സമയത്ത് അക്രമാസക്തരായി പരസ്പരം കടിപിടി കൂടുന്നത് സംബന്ധിച്ച് വീഡിയോ ദൃശ്യം ഇന്റർനെറ്റിൽ http://www.youtube.com/watch?v=zqVJLCITIscm ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്). നായ്ക്കളുൾ ഇണ ചേരുന്നതു സംബന്ധിച്ച വിദഗ്ദ്ധാഭിപ്രായം ഇന്റർനെറ്റിൽ www.AnimalBehaviorAssociates.com എന്ന സൈറ്റിൽ ലഭ്യമാണ്. ആയതിൽ നിന്നുള്ള പ്രസക്തഭാഗം Annexure - II ആയി ഇതോടൊപ്പം ചേർക്കുന്നു.

10. പത്രമാധ്യമങ്ങളിൽ, സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയാതെ നായ്ക്കൾ വെട്ടേറ്റാണ് ചാകുന്നതെന്ന് പരാമർശിച്ചതാണ് പൊതുജനങ്ങൾ ആശങ്കയിലാകാൻ കാരണമെന്ന് അന്വേഷണത്തിൽ മനസ്സിലാകുന്നുണ്ട്.

11. സംഭവത്തിന് ഇത്രയും വാർത്താപ്രാധാന്യം ലഭിച്ചതിനു ശേഷം ഇപ്പോഴും സമാനരീതിയിൽ മുറിപരിക്കുകളുമായി നായ്ക്കളെ പ്രദേശത്ത് കാണുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ 04-12-12 തിയതി തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചത്ത നിലയിൽ ഒരു നായയെ കാണപ്പെട്ടിട്ടുണ്ട്.

12. നായ്ക്കളെ പരിക്കേൽപ്പിക്കുന്നു എന്ന് പരാതിപ്പെട്ട് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കീഴുപറമ്പ് പഞ്ചായത്തിലാണ്. കുനിയിൽ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയ ഉടനെയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതികളും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരസ്പരം അക്രമിക്കപ്പെട്ടേക്കാം എന്നും ഇതിന് പരിശീലനം നടത്താനാണ് നായ്ക്കളെ വെട്ടുന്നത് എന്നുമുള്ള ഊഹാപോഹങ്ങൾ ആ പ്രദേശത്ത് നിലനിന്നിരുന്നു. ഈ കാര്യം ശരിവെക്കുന്ന രീതിയിലാണ് പിന്നീട് ചില പത്രമാധ്യമങ്ങളിൽ വാർത്ത വന്നത്. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ചേർന്നാണ് സംഭവത്തിന് അമിത വാർത്താപ്രാധാന്യം കൈവരാൻ കാരണം. ഇതിനു ശേഷം മലപ്പുറം ജില്ലയിൽ മുറിവോടെ കാണപ്പെട്ട നായ്ക്കളെല്ലാം ആയുധ പരിശീലനത്തിന് ഇരയാക്കപ്പെട്ടവയാണെന്ന് ഊഹാപോഹം പ്രചരിക്കാൻ തുടങ്ങി.

നായ്ക്കൾക്ക് പരിക്കേൽപ്പിക്കുന്നു എന്ന് പരാതിപ്പെട്ട് ജില്ലയിൽ ഇതു വരെ ശ്രദ്ധയിൽപ്പെട്ട സംഭവങ്ങളിൽ വിദഗ്ധർ പരിശോധിച്ച 9 ഇടത്ത് നായ്ക്കൾക്ക് പരിക്ക് പറ്റിയത് ആയുധങ്ങൾ കൊണ്ട് വെട്ടേറ്റല്ല എന്ന് നിസ്സംശയം ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റു സംഭവങ്ങളിൽ പരിക്കിന്റെ കാരണം വ്യക്തമായി പറയാൻ കഴിയില്ലെങ്കിലും മൂർച്ചയേറിയ ആയുധം കൊണ്ടല്ല മുറിവേറ്റതെന്ന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. കൂടാതെ നായ്ക്കൾക്ക് പരിക്കു പറ്റുന്നതിന്റെ സത്യാവസ്ഥ അറിയുന്നതിനു വേണ്ടി അവയെ സാധാരണ കാണപ്പെടാറുള്ള അറവുശാല,മീൻ മാർക്കറ്റ്, മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് നിരീക്ഷണം നടത്തിയതിൽ നായ്ക്കൾ മനുഷ്യനാൽ മൂർച്ചയുള്ള ആയുധങ്ങൾക്കിരയാക്കപ്പെടുന്നതാണെന്നതിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല. ജില്ലയിൽ ഇതുവരെ രജിസ്റ്റർ ​ചെയ്യപ്പെട്ട കേസുകളുടെ അന്വേഷണം മുറപ്രകാരം നടന്നു വരുന്നുണ്ട്.

റിപ്പോര്‍ട്ട് വായിക്കാം:


Related Tags :
Similar Posts