< Back
Kerala
ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിൽ അസാധാരണത്വം: മന്ത്രി പി.രാജീവ്
Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിൽ അസാധാരണത്വം: മന്ത്രി പി.രാജീവ്

Web Desk
|
22 Feb 2026 2:57 PM IST

ഹൈക്കോടതിയാണ് എസ്ഐടി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും അപ്പീലിന്‍റെ കാര്യത്തിൽ സർക്കാർ അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ അസാധാരണത്വമുണ്ടെന്ന് മന്ത്രി പി.രാജീവ്. സുപ്രിംകോടതി വിധി പോലെയായിരുന്നു ഉത്തരവിന്റെ സ്വഭാവമെന്നും ഹൈക്കോടതിയാണ് എസ്‌ഐടി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. അപ്പീലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

'മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസില്‍ സര്‍ക്കാര്‍ ഒരുനിലക്കും മേല്‍നോട്ടം വഹിക്കുന്നില്ല. അതുകൊണ്ട് അപ്പീല്‍ വേണോ വേണ്ടതില്ലേയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ്. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവരുടെ മുന്നിലേക്കാണ് വരുന്നത്. സാധാരണയില്‍ കവിഞ്ഞ് ഒരു കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനോളം അടുത്തെത്തുകയെന്നത് പതിവുള്ള കാര്യമല്ല. വിജിലന്‍സ് കോടതി സുപ്രിംകോടതിയുടെ നിലയിലേക്ക് മാറിയിട്ടുണ്ടോയെന്ന് ഉത്തരവ് വായിക്കുമ്പോള്‍ തോന്നിപ്പോകുകയാണ്'. മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ വിമര്‍ശനങ്ങളില്‍ മന്ത്രി ഒരു സ്ത്രീയാണെന്നായിരുന്നു രാജീവിന്റെ പ്രതികരണം. 'അവരുടെ വസതിയില്‍ റീത്ത് വെക്കുന്നത് ശരിയായ രീതിയല്ല. സ്വകാര്യ ആശുപത്രികളിലും പിഴവ് ഉണ്ടാകാറില്ലേ? പിഴവ് ഉണ്ടായാല്‍ നടപടിയെടുക്കും. അതാണല്ലോ ചെയ്യേണ്ടത്. രാജ്യത്ത് പൊതുജനാരോഗ്യ സംവിധാനത്തില്‍ ഏറ്റവും വെന്റിലേറ്ററുകള്‍ ഉള്ളത് കേരളത്തിലല്ലേ? സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും തസ്തികകള്‍ ഉണ്ടായതും ഈ സര്‍ക്കാരിന്റെ സമയത്ത്. ആവശ്യമെന്നുണ്ടെങ്കില്‍ ഇനിയും തസ്തികകള്‍ വര്‍ധിപ്പിക്കും.'

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കാന്‍ ആസൂത്രണം നടക്കുന്നുവെന്നും ബോധപൂര്‍വമായ അനാസ്ഥ മാത്രമേ കുറ്റകരമായി കാണുന്നുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts