
'പ്രാര്‍ഥന ഫലം കണ്ടു, ദൈവമേ നന്ദി'; കുറിപ്പുമായി ജോര്‍ജും ആന്‍റോ ജോസഫും, ഏറ്റെടുത്ത് പ്രേക്ഷകര്‍
|കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു
കൊച്ചി: മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന സൂചന നൽകി നിര്‍മാതാവ് ആന്‍റോ ജോസഫും സന്തതസഹചാരി ജോര്‍ജും. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ളതാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.
സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരേ..നന്ദി -ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്‍റോ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നടി മാലാ പാര്‍വതി അടക്കമുള്ളവര്‍ പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണ മുക്തി? എന്നാണ് മാലാ പാര്‍വതിയുടെ ചോദ്യ രൂപത്തിലുള്ള കമന്‍റ്. ഏറ്റവും വലിയ വാര്‍ത്തയെന്ന് മറ്റൊരു കമന്‍റും മാലാ പാര്‍വതി പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ നടത്തിയ ആരോഗ്യ പരിശോധനകളില്‍ മമ്മൂട്ടി പൂര്‍ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു.