< Back
Kerala

Kerala
ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ അവാർഡ് സമ്മാനിച്ച് രാഷ്ട്രപതി
|16 March 2023 8:01 PM IST
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു
നാവികസേനയുടെ അഭിമാന പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പ്രസിഡന്റ്‌സ് കളർ അവാർഡ് സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു.
80 വർഷം രാജ്യത്തിന് നൽകിയ സേവനം പരിഗണിച്ചാണ് ഐ.എൻ.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ് കളർ അവാർഡ് സമ്മാനിച്ചത്. ആചാരപരമായ ചടങ്ങുകൾക്കും നാവികസേനയുടെ പരേഡിനും ശേഷമായിരുന്നു ചടങ്ങ്. ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും