< Back
Kerala
2024-25 വർഷം പ്രസ് കൗൺസിലിന് ലഭിച്ചത് 290 പെയ്ഡ് ന്യൂസ് പരാതികൾ; ഏറ്റവും കൂടുതൽ രാജസ്ഥാനിൽനിന്ന്
Kerala

2024-25 വർഷം പ്രസ് കൗൺസിലിന് ലഭിച്ചത് 290 പെയ്ഡ് ന്യൂസ് പരാതികൾ; ഏറ്റവും കൂടുതൽ രാജസ്ഥാനിൽനിന്ന്

Web Desk
|
13 March 2025 10:44 AM IST

2021-22 മുതൽ ഇതുവരെ 468 പരാതികളാണ് പെയ്‍ഡ് ന്യൂസുകളുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിലിന് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നു.

ന്യൂഡൽഹി: പെയ്ഡ് ന്യൂസുകൾ സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് ഈ വർഷം ലഭിച്ചത് റെക്കോർഡ് പരാതികൾ. 290 പരാതികളാണ് 2024-25 വർഷം പ്രസ് കൗൺസിലിന് ലഭിച്ചത്. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷമുണ്ടായതിനേക്കാൾ കൂടുതലാണ് ഇത്തവണത്തെ പരാതികളുടെ എണ്ണം.

2021-22 മുതൽ ഇതുവരെ 468 പരാതികളാണ് പെയ്‍ഡ് ന്യൂസുകളുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിലിന് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നു. 2021-22 വർഷം 74, 2022-23ൽ 76, 2023-24ൽ 28 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം.

2024-25 വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്- 111 എണ്ണം. 2021-2022ൽ 13 പരാതികളും ഇവിടെനിന്ന് ലഭിച്ചു. ബിജെപി എംപി ചന്ദ്ര പ്രകാശ് ജോഷിയുടെ ചോദ്യത്തിന് കേന്ദ്ര ഇൻഫർമേഷൻ- ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി ഡോ. എൽ മുരു​ഗനാണ് കണക്കുകൾ സംബന്ധിച്ച് മറുപടി നൽകിയത്.

തെറ്റുകാരായ അച്ചടി മാധ്യമങ്ങൾക്കെതിരെ 1978ലെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ഓരോ കേസുകളുടെയും അടിസ്ഥാനത്തിൽ നടപടിയെടുക്കും. നടപടി ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ പത്രത്തിനോ വാർത്താ ഏജൻസിക്കോ പത്രപ്രവർത്തകനോ മുന്നറിയിപ്പ് നൽകുകയോ അവരെ താക്കീത് ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നു.

അല്ലെങ്കിൽ എഡിറ്ററുടെയോ പത്രപ്രവർത്തകന്റെയോ പെരുമാറ്റത്തെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുമെന്നും സർക്കാർ അറിയിച്ചു. പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും നടപടിയെടുക്കാനുമായി ദേശീയ- സംസ്ഥാന- ജില്ലാ തലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.

Similar Posts