< Back
Kerala
Priest FB Post Against Hijab Ban in St Ritas School Palluruthy

Photo| Special Arrangement

Kerala

കുട്ടികൾ‍ തട്ടമിട്ടത് കൊണ്ടൊന്നും സ്കൂളിന്റെ പേരിടിയില്ല; യേശു ഉണ്ടായിരുന്നെങ്കിൽ ആ കുട്ടിയെ നെഞ്ചോട് ചേർത്തേനെ: ശിരോവസ്ത്ര വിലക്കിൽ വൈദികൻ

Web Desk
|
19 Oct 2025 9:36 PM IST

താൻ പ്രിൻസിപ്പലായിരുന്ന ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ തട്ടമിടുന്നതിന് യാതൊരു എതിർപ്പും തന്റെ ഭാഗത്തുനിന്നു ഉണ്ടായിരുന്നില്ലെന്നും അതിടാനും ഇടാതിരിക്കാനും അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ ചങ്ങനാശേരി ചെത്തിപ്പുഴ സേക്രഡ് ഹാർട്ട് ആശ്രമത്തിലെ വൈദികനും പുന്നപ്ര കാർമൽ‍, തിരുവനന്തപുരം ക്രൈസ്റ്റ് ന​ഗർ ഇന്റർനാഷനൽ സ്കൂളുകളിലെ മുൻ പ്രിൻസിപ്പലുമായ ഫാ. സിറിയക് തുണ്ടിയിൽ. കുറെയൊക്കെ കണ്ണടച്ച് വിട്ടുവീഴ്ചകൾ ചെയ്താൽ ഇതുപോലൊരു പ്രശ്നം പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിൽ ഉണ്ടാകുമായിരുന്നില്ലെന്നും ഒരു കുട്ടിയോ കുറേ കുട്ടികളോ തട്ടമിട്ടതു കൊണ്ടൊന്നും ഒരു സ്കൂളിന്റെയോ കോളജിന്റേയോ പേര് ഇടിയില്ലെന്നും അസമാധാനമോ തകർച്ചയോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യേശു ഉണ്ടായിരുന്നെങ്കിൽ ആ കുട്ടിയെ നെഞ്ചോടുചേർത്ത് നിർത്തിയേനെ എന്ന് സമൂഹം നമ്മോടു പറയേണ്ടി വരരുതെന്നും നമ്മൾ അതുപോലെ ചെയ്യേണ്ടവരാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താൻ പ്രിൻസിപ്പലായിരുന്ന ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ തട്ടമിടുന്നതിന് യാതൊരു എതിർപ്പും തന്റെ ഭാഗത്തുനിന്നു ഉണ്ടായിരുന്നില്ലെന്നും അതിടാനും ഇടാതിരിക്കാനും അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടൊന്നും സ്കൂളിന്റെ അച്ചടക്കത്തിന് തകർച്ച ഉണ്ടായിട്ടില്ല. കുട്ടികൾ തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടായില്ല. എല്ലാവരും സഹോദരങ്ങളെ പോലെ ഇടപഴകി. ഞങ്ങളുടെ സ്കൂളിൽ നിന്ന് 20 പേരെ ഫ്രാൻസിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചപ്പോൾ അക്കൂട്ടത്തിൽ ആറോ ഏഴോ പേർ മുസ്‌ലിം കുട്ടികളായിരുന്നു. ഒരു വേർതിരിവും മതത്തിന്റെ പേരിൽ ഉണ്ടായില്ല- അദ്ദേഹം പറഞ്ഞു.

സ്കൂളുകളിൽ അച്ചടക്കം വേണം, ഡ്രസ്കോ‍ഡും വേണം. എന്നാൽ എല്ലാവരും ഒരുപോലിരിക്കണം എന്ന റെജിമെന്റേഷൻ ആവശ്യമില്ല. കുറെയെല്ലാം വിട്ടുവീഴ്ചകൾ ചെയ്യാൻ പ്രിൻസിപ്പൽമാർക്കും മാനേജ്‌മെന്റിനും സാധിക്കും, സാധിക്കണം. ഒരു സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം നിസാര കാര്യങ്ങളല്ല പ്രധാനം. കുട്ടികളാണ് പ്രധാനം. അവരുടെ പഠനവും വളർച്ചയുമാണ് പ്രധാനം. നീതി, സമത്വം, സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് ഒരുമയിൽ വളരണം, എന്നതാണ് പ്രധാനം. അവർ വലിയവരാകുമ്പോൾ അതവരുടെ കർമ മണ്ഡലങ്ങളിൽ പ്രതിഫലിക്കണം. നമ്മൾ നമ്മുടെ പ്രവൃത്തിയിലൂടെ ആ മൂല്യങ്ങൾ കാണിച്ചുകൊടുക്കണം. കുട്ടികളെ വിഷമിപ്പിക്കാതിരിക്കുക, സമാധാനത്തിന് വിഘാതമാകുന്ന രീതിയിൽ കടുത്ത റെജിമെന്റേഷന് വേണ്ടി ശ്രമിക്കാതിരിക്കുക. അതിനായി കുറെയൊക്കെ കണ്ണടയ്ക്കാൻ അധികാരികൾക്ക് സാധിക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികൾ തട്ടമിടുന്നത് ഒരിക്കലും ഒരു ഇഷ്യൂ ആകണമെന്ന് തോന്നിയിട്ടില്ല. അന്ന് ഇതുപോലെ ഡ്രസ് ചെയ്യാൻ ഞാൻ മൗനാനുവാദം കൊടുത്തതു കൊണ്ട് സ്കൂളിന് ഇതുവരെയും ഒരു കുഴപ്പവും കുറവും ഉണ്ടായിട്ടില്ലെന്നും ഇന്നും കഴക്കൂട്ടത്തെ ക്യാമ്പസിൽ‍ അത് പൂർവാധികം ശോഭയോടെ ഭംഗിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ മുന്നിൽകാണുന്ന നാലുപേരും മുസ്ലിം കുട്ടികളാണ്. രണ്ടുപേർ തട്ടമിട്ടിട്ടുണ്ട്, രണ്ടുപേർ തട്ടം ഇട്ടിട്ടില്ല. തിരുവനന്തപുരത്തു കവടിയാറിലുള്ള ഞങ്ങളുടെ #ക്രൈസ്റ്റ്_നഗർ_ഇന്റർനാഷണൽ സ്കൂളിൽ ഞാൻ പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് അതായത് 2015 മാർച്ച് മാസത്തിൽ ഞങ്ങൾ 20 കുട്ടികളുമായിട്ട് ഫ്രാൻസ് സന്ദർശിക്കാൻ പോയി. ആകെ 20 കുട്ടികൾ ഉണ്ടായിരുന്നു, അധ്യാപകരും.

പാരീസും ചുറ്റുവട്ടത്തുള്ള പട്ടണങ്ങളും മോണാലിസ എന്ന പെയിന്റിംഗ് സ്ഥിതി ചെയ്യുന്ന പലേ ദ് ലൂവ്റ് പോലെയുള്ള മ്യൂസിയങ്ങളും ഐഫൽ ടവറും സൈൻ നദിയും സാക്രെ കേർ പള്ളിയും, നോട്ടർ ഡാം കാത്തീദ്രലും ഒക്കെ ഞങ്ങൾ നടന്നു കണ്ടു. അവസാന ദിവസമായ 2015 മാർച്ച്‌ 31-ന് അത്താഴ സമയത്തു ഞാൻ എടുത്ത ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. രണ്ടുപേർ തട്ടമിട്ടി ട്ടുണ്ട്, രണ്ടുപേർ തട്ടം ഇട്ടിട്ടില്ല. അതായത് അന്ന് സ്കൂളിൽ തട്ടമിടുന്നതിന് യാതൊരു എതിർപ്പും എന്റെ ഭാഗത്തുനിന്നു ഉണ്ടായിരുന്നില്ല. അതിടാനും ഇടാതിരിക്കാനും അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

അതുകൊണ്ടൊന്നും സ്കൂളിന്റെ ഡിസിപ്ലിന് തകർച്ച ഉണ്ടായിട്ടില്ല കുട്ടികൾ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ ഉണ്ടായില്ല. എല്ലാവരും സഹോദരങ്ങളെ പോലെ ഇടപഴകി. ഞങ്ങളുടെ സ്കൂളിൽ നിന്ന് 20 പേരെ ഫ്രാൻസിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചപ്പോൾ ആക്കൂട്ടത്തിൽ ആറോ ഏഴോ പേർ മുസ്ലിം കുട്ടികളായിരുന്നു. ഒരു വേർതിരിവും മതത്തിന്റെ പേരിൽ ഉണ്ടായില്ല എന്ന് സാരം.

ഇവരുടെ ഡ്രസ്സ് വ്യത്യാസത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അവർക്ക് എന്നോടുള്ള പെരുമാറ്റത്തിലും ഒരു കുറവും ഉണ്ടായിട്ടില്ല. എല്ലാ കുട്ടികളെ യും പോലെ ഇവർക്കും എന്നെ വളരെ ഇഷ്ടമായിരുന്നു, എനിക്ക് തിരിച്ചു അങ്ങോട്ടും. ഇവരൊക്കെ ഇടയ്ക്കി ടയ്ക്ക് ഇപ്പോഴും എനിക്ക് എഴുതാറു മുണ്ട്. ചില മുസ്ലിം കുട്ടികളുടെ പേരെന്റ്സ് എന്റെ ആരാധകരാണ് താനും. അത് ഫേസ്ബുക്കിലൂടെയും മറ്റും അവർ പ്രകടിപ്പിക്കാറുമുണ്ട്.

ഞാൻ പറയുന്നത്, സ്കൂളുകളിൽ ഡിസ്‌സിപ്ലിൻ വേണം, ഡ്രസ്സ്കോഡും വേണം. എന്നാൽ എല്ലാരും ഒരു പോലിരിക്കണം എന്ന രജിമെന്റേഷൻ (regimentation) ആവശ്യമില്ല. കുറെ യെല്ലാം വിട്ടുവീഴ്ചകൾ ചെയ്യാൻ പ്രിൻസിപ്പൽമാർക്കും മാനേജ്‌മെന്റിനും സാധിക്കും, സാധിക്കണം.

ഒരു സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം നിസ്സാര കാര്യങ്ങളല്ല പ്രധാനം. കുട്ടികളാണ് പ്രധാനം. അവരുടെ പഠനം, വളർച്ചയാണ് പ്രധാനം. നീതി സമത്വം സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ടു ഒരുമയിൽ വളരണം, എന്നതാണ് പ്രധാനം. അവർ വലിയവരാ കുമ്പോൾ അത് അവരുടെ കർമ്മ- മണ്ഡലങ്ങളിൽ പ്രതിഫലിക്കണം. അതല്ലേ വേണ്ടത്? നമ്മൾ നമ്മുടെ പ്രവൃത്തിയിലൂടെ ആ മൂല്യങ്ങൾ കാണിച്ചുകൊടുക്കുകയും വേണം.

കുട്ടികളെ വിഷമിപ്പിക്കാതിരിക്കുക, സമാധാനത്തിന് വിഘാതമാകുന്ന രീതിയിൽ കടുത്ത റെജിമെന്റേഷന് വേണ്ടി ശ്രമിക്കാതിരിക്കുക. അതിനായി കുറെ യൊക്കെ കണ്ണടക്കാൻ അധികാരി കൾക്ക് സാധിക്കണം. കുറെയൊക്കെ കണ്ണടച്ച് വിട്ടുവീഴ്ചകൾ ചെയ്താൽ ഇതുപോലെ ഒരു പ്രശ്നം പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിലും ഉണ്ടാകുമായിരുന്നില്ല. ഒരു കുട്ടിയോ കുറേ കുട്ടികളോ തട്ടമിട്ടതു കൊണ്ടൊന്നും ഒരു സ്കൂളിന്റെയോ കോളേജിന്റെയോ പേര് ഇടിയുകയില്ല. അസമാധാനമോ തകർച്ചയോ ഒന്നും ഉണ്ടാകില്ല. പക്ഷെ ഇത്തരം മാർക്കട മുഷ്ടികൾ വഴിയാണ് പേര് പോകുന്നത്, മതിപ്പു നഷ്ടമാകുന്നത്. (യേശു ഉണ്ടായിരുന്നെങ്കിൽ ആ കുട്ടിയെ യേശു നെഞ്ചോടുചേർത്ത് നിർത്തിയേനെ എന്ന് സമൂഹം നമ്മോടു പറയേണ്ടി വരരുത്. നമ്മൾ അതുപോലെ ചെയ്യേണ്ടവരാണ്)

ഡ്രസ്സ്‌ കോഡ് സംബന്ധിച്ച് തീരുമാനം എടുക്കാൻ സ്കൂളിന് അവകാശമു ണ്ടെന്നു ഡിസംബർ 12, 2018-ലെ ഹൈക്കോടതി വിധി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഞാൻ എന്റെ ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുമുണ്ട്. (ഞങ്ങളുടെ -CMI - സഭയുടെ തിരുവല്ലത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ടു കുട്ടികൾ ഇതുപോലെ ഹിജാബ് ഇടണം എന്ന അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് മുൻപറഞ്ഞ 2018-ലെ വിധി ഉണ്ടായത്.) പള്ളുരുത്തിയിലെ വിവാദം മോശമാ ക്കാൻ പുറത്തുള്ള രാഷ്ട്രീയക്കാരാണ് കാരണക്കാർ എന്ന് പറയാതെ തരമില്ല. അതിൽ വിദ്യാഭ്യാസമന്ത്രിയും തന്റെ പങ്കു കാര്യമായി നിർവഹിച്ചിട്ടുണ്ട്. ഈ നിസ്സാര പ്രശ്നം വലുതാക്കി എടുക്കുന്ന തിൽ അവർ കാണിച്ച അപാര ബുദ്ധിയെ എങ്ങനെ വണങ്ങാതിരിക്കും?

എന്ത് രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം വലിയ പ്രശ്നം കൂടാതെ നേരിടുകയാണ് സഭയുടെ രീതി. പീഡനങ്ങൾ ഉണ്ടായാൽ സഹിക്കും. രക്തസാക്ഷികൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. സഭക്ക് പീഡനങ്ങളെ ഭയമില്ല. പീഡിപ്പിച്ചവർ തന്നെ പിന്നീട് മാനസാന്തരപ്പെട്ടിട്ടുമുണ്ട്. രണ്ടാമത്തെ_ഫോട്ടോ ഒരു ക്ലാസ്സിന്റെ ഗ്രൂപ്പ്‌ ഫോട്ടോ ആണ്. 2015-ൽ എടുത്തത്. അതിൽ യഥാർത്ഥത്തിൽ നാല് മുസ്ലിം കുട്ടികൾ ഉണ്ട്, പക്ഷെ ഒരു കുട്ടി തട്ടം ഇട്ടിട്ടുണ്ട്; മൂന്ന് പേർ ഇട്ടിട്ടില്ല. അത് അവരുടെ ഇഷ്ടം അനുസരിച്ചു ചെയ്തതാണ്. അത് എനിക്കോ ടീച്ചേഴ്സിനോ മറ്റു കുട്ടികൾക്കോ ഒരിക്കലും പ്രശ്നമായി തോന്നിയിട്ടില്ല. അതൊരിക്കലും ഒരു ഇഷ്യൂ ആകണമെന്ന് തോന്നിയിട്ടുമില്ല.

അന്ന് ഇതുപോലെ ഡ്രസ്സ് ചെയ്യാൻ ഞാൻ മൗനാനുവാദം കൊടുത്തതു കൊണ്ട് ക്രൈസ്റ്റ്_നഗർ_ഇന്റർനാഷണൽ_സ്കൂളിന് ഇതുവരെയും ഒരു കുഴപ്പവും കുറവും ഉണ്ടായിട്ടില്ല. ഇന്നും കഴക്കൂട്ടത്തെ പുതിയ കമ്പസ്സിൽ അത് ഭംഗിയായി പ്രവർത്തിക്കുന്നു, പൂർവാധികം ശോഭയോടെ.


Similar Posts