
കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
|ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്
കണ്ണൂര്‍: കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം കണ്ണൂർ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാ. ജോർജ് പൈനാടത്തിന് നേരെയാണ് ആക്രമണം. ബിഷപ്പ് ഹൗസിൽ ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ എത്തിയത്. ബിഷപ്പിന്‍റെ നിർദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയിൽ ഉണ്ടായിരുന്ന ഫാ. ജോർജ് പൈനാടത്തിനെ കണ്ടു. എന്നാൽ മുസ്തഫ ആവശ്യപ്പെട്ട പണം നൽകാൻ വൈദികൻ തയ്യാറായില്ല. തുടർന്നാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. വൈദികന്‍റെ വയറിനും വലതു കൈക്കുമാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കത്തിയുമായി ബിഷപ്പ് ഹൗസിൽ എത്തിയതെന്ന് വൈദികൻ പറഞ്ഞു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന വൈദികരും സന്ദർശകരും ചേർന്നാണ് അക്രമിയെ ബലമായി കീഴ്പ്പെടുത്തിയത്. തുടർന്ന് സിറ്റി പോലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.