
രൂപേഷിന്‍റെ പുതിയ പുസ്തക പ്രസിദ്ധീകരണത്തിന് ജയിൽ വകുപ്പ് അനുമതി നൽകുന്നില്ല; മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുമെന്ന് ഭാര്യ
|ജയിൽ വകുപ്പിന്‍റെ നടപടിക്കെതിരെ രൂപേഷ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു
കൊച്ചി: മാവോയിസ്റ്റ് രൂപേഷിന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തിന് ജയിൽ വകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപണം. ജയിലും യുഎപിഎ നിയമവുമൊക്കെ പ്രതിപാദിക്കുന്നതിനാൽ ജയിൽ വകുപ്പ് അനുമതി നൽകാതിരിക്കുകയാണെന്ന് രൂപേഷിന്‍റെ ഭാര്യ ഷൈന പറഞ്ഞു. പ്രസിദ്ധീകരണ അനുമതി നൽകുന്നത് ജയിൽ വകുപ്പ് മേധാവി പരിശോധിച്ച് വരികയാണെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
യുഎപിഎ നിയമപ്രകാരം അറസ്റ്റിലാകപ്പെട്ട ഒരു കവി, അയാളുടെ ജയിൽ ജീവിതം. അതാണ് രൂപേഷിന്‍റെ പുതിയ പുസ്തകമായ 'ബന്ദിതരുടെ ഓർമ്മക്കുറിപ്പിന്റെ' പ്രമേയം. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് അനുമതി തേടി ജയിൽ വകുപ്പിന് അപേക്ഷ നൽകിയിട്ട് ഒരു മാസമായി. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. അനുമതിയ്ക്കായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുമെന്നും രൂപേഷിന്‍റെ ഭാര്യ ഷൈന പറഞ്ഞു.
അപേക്ഷ പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് പറഞ്ഞു. പുസ്തകം പരിശോധിച്ച ശേഷം ജയിൽ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജയിൽ ഡിജിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും സൂപ്രണ്ട് വ്യക്തമാക്കി. ജയിൽ വകുപ്പിന്‍റെ നടപടിക്കെതിരെ രൂപേഷ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. രൂപേഷിന് പിന്തുണയുമായി സാഹിത്യ രംഗത്തുനിന്നുള്ള പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയവെ 2014ലാണ് രൂപേഷിന്‍റെ ആദ്യ നോവൽ 'വസന്തത്തിലെ പൂമരങ്ങള്‍' പുറത്തിറങ്ങിയത്. 2015 മെയ് 4-ന് കോയമ്പത്തൂരിൽ നിന്ന് രൂപേഷ് അറസ്റ്റിലാകുകയും ചെയ്തു.