< Back
Kerala
മൂത്രമൊഴിക്കണമെന്ന് ആവശ്യം,പുറത്തിറക്കിയപ്പോൾ പച്ചക്കറി തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു; തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനായി തിരച്ചില്‍ ഊര്‍ജിതം
Kerala

'മൂത്രമൊഴിക്കണമെന്ന് ആവശ്യം,പുറത്തിറക്കിയപ്പോൾ പച്ചക്കറി തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു'; തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനായി തിരച്ചില്‍ ഊര്‍ജിതം

Web Desk
|
4 Nov 2025 1:51 PM IST

ആലത്തൂരിൽ നിന്നും പ്രതിക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം കൈവിലങ്ങുകൾ അണിയിച്ചിരുന്നില്ലെന്നും വിവരം

തൃശൂര്‍ :വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകൻ ആണ് സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. കൊലപാതകവും കവർച്ചയും ഉൾപ്പടെ 50ലധികം കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. തമിഴ്നാട്ടിലെ കേസുകളിൽ കോടതി നടപടികൾ പൂർത്തിയാക്കി തൃശൂർ വിയ്യൂർ ജയിലിലേക്ക് തിരിച്ചെത്തുമ്പോഴാണ് പ്രതി ചാടി പോയത്.

രാത്രി 11 മണിയോടെ വിയ്യൂർ ജയിലിന് സമീപത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു.ഇതിനായി പുറത്തിറക്കിയപ്പോൾ സമീപത്തെ പച്ചക്കറി തോട്ടത്തിലേക്ക് ചാടിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി വ്യാപകമായ തിരച്ചിലാണ് തമിഴ്നാട്, കേരള പോലീസ് സംഘങ്ങൾ നടത്തുന്നത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോൾ വേഷം. സാധാരണ ബൈക്കുകൾ മോഷ്ടിച്ച് അതിൽ രക്ഷപ്പെടുന്നതാണ് ബാലമുരുകന്റെ രീതി.

സംഭവത്തിൽ തമിഴ്നാട് പൊലീസിന് വീഴ്ച പറ്റിയതായാണ് പ്രാഥമിക നിഗമനം. ആലത്തൂരിൽ നിന്നും പ്രതിക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം കൈവിലങ്ങുകൾ അണിയിച്ചിരുന്നില്ല. പ്രതി പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് കൂടെ ഇറങ്ങിയത്.വിയ്യൂർ ജയിൽ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രതിയെ പുറത്തിറക്കിയത്.

ഇക്കാര്യങ്ങളെല്ലാം വിയ്യൂർ പൊലീസ് അന്വേഷിക്കുകയാണ്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാണ്. നേരത്തെയും തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു. എന്നിട്ടും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം.


Similar Posts