< Back
Kerala
kerala assembly meeting
Kerala

സ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

Web Desk
|
12 Feb 2025 11:42 AM IST

പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ അടുത്തമാസം മൂന്നാം തീയതി നിയമസഭയിൽ കൊണ്ടുവരും. നാളെ അവസാനിക്കുന്ന സഭാ സമ്മേളനം മാർച്ച് മൂന്നിനാണ് വീണ്ടും പുനരാരംഭിക്കുക. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയാണ് ബിൽ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം എടുത്തത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയിൽ ആവശ്യപ്പെട്ടു.

ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായണമെന്നും പ്രതിപക്ഷം നിലപാടെടുത്തു. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള കരടിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

അതിനിടെ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. മുൻപ് പല സമരങ്ങളും നടന്നിട്ടുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാല ആവശ്യമാണ്. സ്വകാര്യസർവകലാശാലകളുടെ മേൽ സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നൽകിയിരുന്നു. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ ആകാമെന്ന നിലപാട് സിപിഎമ്മിന്‍റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുകയും ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരം ഉണ്ടാകും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയാൽ നോട്ടീസ് നൽകി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഉണ്ടാകും.ഈ സമ്മേളന കാലയളവിൽ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.

സ്വകാര്യ സർവകലാശാലയിൽ സംവരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണം അനുവദിക്കണം. ഇതിൽ പിന്നാക്ക സംവരണവും ഉൾപ്പെടും. സർവകലാശാലകൾ അനുവദിക്കുന്ന വകുപ്പിലെ സെക്രട്ടറിമാർ അതാത് സ്വകാര്യ സർവകലാശാല ഭരണ സമിതിയിൽ അംഗങ്ങളാകും. സ്വകാര്യ സർവകലാശാലയിൽ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങാനാണ് തീരുമാനം.

Similar Posts