< Back
Kerala
Kerala Film Producers Association
Kerala

പ്രൊഡ്യൂസേഴ്സ് അസോ. ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; വൈകിട്ടോടെ ഫലപ്രഖ്യാപനം

Web Desk
|
14 Aug 2025 6:49 AM IST

ബി.രാകേഷും സജി നന്ത്യാട്ടുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുക

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്. ബി.രാകേഷും സജി നന്ത്യാട്ടുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുക. സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും. രാവിലെ 10.30ന് ജനറൽ ബോഡി യോഗത്തിനു ശേഷം വോട്ടിങ് ആരംഭിച്ച് വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും.

മുൻപെങ്ങും ഇല്ലാത്ത വിധം വലിയ വിവാദങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും ശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സംഘടനയിലെ മുൻ ഭാരവാഹികൾക്കെതിരെ ലൈംഗികാധിക്ഷേപ പരാതികൾ അടക്കം ഉന്നയിച്ച നിർമ്മാതാവ് സാന്ദ്ര തോമസ് മത്സരിക്കാൻ ഒരുങ്ങിയതോടെയാണ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ തുടക്കം. മത്സരിക്കാൻ ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സാന്ദ്രയുടെ കൈയിലില്ല എന്ന് ചൂണ്ടിക്കാട്ടി സംഘടന സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനക്കിടെ സാന്ദ്ര അത് ചോദ്യം ചെയ്തതോടെ രംഗം വലിയ ബഹളത്തിലും തർക്കത്തിലും കലാശിച്ചു.

സാന്ദ്ര കോടതിയെ സമീപിച്ചതോടെ തെരഞ്ഞെടുപ്പ് 14ന് തന്നെ നടക്കുമോ എന്നത് അനിശ്ചിതത്വത്തിലായി. ഇന്നലെ സാന്ദ്രയുടെ മൂന്ന് ഹരജികളും കോടതി തള്ളി. പ്രസിഡന്‍റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള പത്രിക തള്ളിയെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്ര മത്സരിക്കും. സജി നന്ത്യാട്ടും ബി രാകേഷുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Similar Posts