< Back
Kerala
കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
Kerala

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

Web Desk
|
13 Dec 2021 8:31 AM IST

മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു. ഇന്ന് എറണാകുളത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മമ്പറത്തു വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്ക് അകമ്പടിയായി പൊലീസുണ്ടായിരുന്നെങ്കിലും വാഹനം നിര്‍ത്തുകയോ അരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി പുനര്‍‌നിയമനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. കണ്ണൂര്‍ വി.സി നിയമനം അംഗീകരിച്ചിട്ട് ഗവര്‍ണര്‍ തന്നെ ഇപ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന ചോദ്യമാണ് സി.പി.എം നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്. ചാന്‍സലര്‍ പദവി ഒഴിയുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണറുടെ ഇന്നലത്തെ പ്രതികരണം. ഗവര്‍ണറുടെ നിലപാട് രാഷ്ട്രീയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

ഗവര്‍ണറുമായി തര്‍ക്കത്തിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സംഘപരിവാര്‍ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി നേതൃത്വവും ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതും ഇതിനുദാഹരണമാണെന്നാണ് സി.പി.എം നേതാക്കളുടെ വാദം. നേരത്തെ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയപ്പോഴും സമാനമായ പ്രതിസന്ധിയിലേക്ക് സര്‍ക്കാരിനെ ഗവര്‍ണര്‍ എത്തിച്ചിരുന്നു. അന്ന് സി.പി.എം പരസ്യമായി തന്നെ പ്രതികരിച്ചു. പിന്നീട് മുഖ്യമന്ത്രി നേരിട്ട് കണ്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. അതിനുശേഷം ഊഷ്മളമായ ബന്ധമാണ് മുഖ്യമന്ത്രിയും ഗവര്‍ണര്‍ തമ്മിലുണ്ടായിരുന്നത്.

Similar Posts