< Back
Kerala
കാസർകോട് കുമ്പളയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; എ.കെ.എം അഷ്റഫ് എംഎൽഎയെ അറസ്റ്റ് ചെയ്തു,  500 പേർക്കെതിരെ കേസ്
Kerala

കാസർകോട് കുമ്പളയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; എ.കെ.എം അഷ്റഫ് എംഎൽഎയെ അറസ്റ്റ് ചെയ്തു, 500 പേർക്കെതിരെ കേസ്

Web Desk
|
15 Jan 2026 7:47 AM IST

ദേശീയപാതയിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തത്

കാസര്‍കോട്: കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരായ പ്രതിഷേധത്തിൽ എ.കെ.എം അഷ്റഫ് എംഎൽഎയെ അറസ്റ്റ് ചെയ്തു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയാണ് നോട്ടീസ് നൽകിയത്. 500 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേശീയപാതയിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തത്.

ടോൾ ബൂത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ജില്ലാ കലക്ടർ വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ തീരുമാനമാവാത്തതോടെയാണ് പ്രതിഷേധം ശക്തമായത്.

രാത്രിയോടെയാണ് ടോൾ പ്ലാസയിൽ പ്രതിഷേധം ശക്തമായത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം കനത്തത്. യോഗത്തിൽ ടോൾ പിരിവ് തുടരുമെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടാണ് ചർച്ച പരാജയപ്പെടാൻ കാരണം. ചർച്ച പരാജയപ്പെട്ടതോടെ സത്യഗ്രഹ സമരം തുടരുമെന്ന് എ.കെ.എം അഷ്‌റഫ് എംഎൽഎ വ്യക്തമാക്കി.

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ ടോൾ ബൂത്തിന് മുന്നിൽ ചൊവ്വാഴ്ച മുതൽ ആരംഭിച്ച ആക്ഷൻ കമ്മറ്റിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയുമായി യൂത്ത് ലീഗ്, ഡിവൈഎഫ്ഐ, നാഷണൽ യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ പ്രകടനം നടത്തി. ടോൾ പ്ലാസക്ക് സമീപം വൻ ജനക്കൂട്ടം തടിച്ച് കൂടിയതോടെ ഇവരെ മാറ്റാൻ പൊലീസ് ബലം പ്രയോഗിച്ചു.

ഹൈക്കോടതിയിൽ ആക്ഷൻ കമ്മിറ്റി നൽകിയ ഹരജിയിൽ വിധി വരുന്നത് വരെ ടോൾ പിരിക്കരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ടോൾ പിരിവ് നടത്തുന്നതിന് നിലവിൽ നിയമപരമായ തടസങ്ങളില്ലെന്നാണ് ദേശീയ പാത അധികൃതരുടെ വാദം.



Similar Posts