< Back
Kerala
കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തം
Kerala

കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തം

Web Desk
|
2 Aug 2025 7:15 AM IST

ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിദ്വേഷ ക്യാമ്പയിൻ ആണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു.

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനും ഛായാഗ്രഹമുള്ള രണ്ടു പുരസ്കാരങ്ങൾ ആയിരുന്നു കേരള സ്റ്റോറിക്ക് നൽകിയത്. പുരസ്കാര നിർണയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വർഗീയ അജണ്ട നടപ്പാക്കാൻ ചലച്ചിത്രരംഗത്തെ മാറ്റുക എന്ന സംഘ്പരിവാർ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരണം. ജനങ്ങൾ അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുരസ്കാരത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയതിനെ ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് തന്നെ അപമാനമാണെന്ന് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയതിനെതിരെ രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക -സാമൂഹിക-സിനിമാ രംഗങ്ങളിൽ നിന്ന് ഉൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Similar Posts