
സൂംബ നൃത്തത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുയരുന്ന പ്രതിഷേധങ്ങൾ അപലപനീയം; എഐഎസ്എഫ്
|ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ കടക്കൽ കത്തിവെക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് സാക്ഷരതയുടെയും പ്രബുദ്ധതയുടേയും പേരിൽ അഭിമാനിക്കുന്ന നവോത്ഥാനാനന്തര കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ്
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ബോധവത്കരണവും, സാമൂഹ്യ പ്രതിബദ്ധതയും നീതി ബോധവുമുള്ള വിദ്യാർത്ഥികളുടെ തലമുറയെ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടും കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന സൂംബ നൃത്തത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുയരുന്ന പ്രതിഷേധങ്ങൾ അത്യന്തം അപലപനീയമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ്.
വിദ്യാർത്ഥികളുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും സ്വാധീനിക്കുന്ന വിധത്തിൽ രൂപപ്പെടുത്തിയിട്ടുള്ള സൂംബ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങവെയാണ് അനാവശ്യ വിവാദമുയർത്തിപ്പിടിച്ച് കൊണ്ട് പദ്ധതിയെ തകർക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്. ലഹരിയുടെ ഉപയോഗവും വിപണനവും അത് വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളും വലിയ സാമൂഹ്യ പ്രശ്‌നമായി നിലനിൽക്കെ അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ കടക്കൽ കത്തി വെക്കുന്ന നിലപാടുകൾ ചില വിദ്യാർത്ഥി സംഘടനകൾ സ്വീകരിക്കുന്നത് സാക്ഷരതയുടെയും പ്രബുദ്ധതയുടെയും പേരിൽ അഭിമാനിക്കുന്ന നവോത്ഥാനാനന്തര കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.
കേരളീയ സമൂഹത്തിൽ ഗുരുതരമായ തോതിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ദുരന്തത്തിന് എതിരായ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള സൂംബ നൃത്തത്തിനെതിരെയുള്ള നീക്കം ചെറുത്ത് തോൽപിക്കുമെന്നും സംസ്ഥാന വ്യാപകമായി സൂംബ അനുകൂല പ്രചാരണ പരിപാടികൾ എഐഎസ്എഫ് സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.