< Back
Kerala
ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി
Kerala

'ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി'; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

Web Desk
|
7 May 2025 8:03 AM IST

'എന്‍റെ അമ്മ അടക്കമുള്ള സ്ത്രീകളുടെ സിന്ദൂരമാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിലൂടെ മാഞ്ഞത്'

കൊച്ചി: ഇന്ത്യ നടത്തിയ തിരിച്ചടിയിൽ അഭിമാനിക്കുന്നതായി പഹൽഗാമം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി.തിരിച്ചടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടായിരുന്നെന്നും അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

'രാവിലെ എഴുന്നേല്‍ക്കുന്ന സമയത്താണ് ഈ വാര്‍ത്തകേട്ടത്. ഈ വാര്‍ത്തയാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യക്കും സാധാരണക്കാര്‍ക്കുമെതിരെ വരുന്ന ഭീകരര്‍ക്ക് ഇത്തരത്തില്‍ തന്നെ തിരിച്ചടി നല്‍കണം. ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നു. ഇതാണ് ഇന്ത്യ,ഇതാണ് ഞങ്ങളുടെ മറുപടി. എന്‍റെ അമ്മ അടക്കമുള്ള സ്ത്രീകളുടെ സിന്ദൂരമാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിലൂടെ മാഞ്ഞത്. അതിന് മറുപടി നല്‍കുന്ന സമയത്ത് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിനേക്കാള്‍ ഉചിതമായ മറ്റൊന്ന് ഇനി ഉണ്ടാകില്ല'..ആരതി പറഞ്ഞു.

എറണാകുളം ഇടപ്പള്ളി സ്വദേശിയായ എൻ. രാമചന്ദ്രന്‍ ഉള്‍പ്പടെ 26 പേരാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ദുബൈയിൽ നിന്ന് നാട്ടിലെത്തിയ മകൾക്കും പേരക്കുട്ടികൾക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായിരുന്നു രാമചന്ദ്രന്‍ ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. മകളും പേരക്കുട്ടികളും നോക്കിനിൽക്കെയാണ് ഭീകരരുടെ വെടിയേറ്റ് രാമചന്ദ്രൻ മരിച്ചത്.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്.പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.

പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.


Similar Posts