< Back
Kerala
ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരെ നടന്നത് പകപോക്കൽ, പെരുങ്കള്ളനെന്ന ഗോവിന്ദന്‍റെ പരാമർശം നിയമവാഴ്ചയോടുള്ള വെല്ലുവിളി: പി.എസ് ശ്രീധരൻ പിള്ള
Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരെ നടന്നത് പകപോക്കൽ, പെരുങ്കള്ളനെന്ന ഗോവിന്ദന്‍റെ പരാമർശം നിയമവാഴ്ചയോടുള്ള വെല്ലുവിളി: പി.എസ് ശ്രീധരൻ പിള്ള

Web Desk
|
22 Feb 2026 8:03 PM IST

ശബരിമല യുവതീപ്രവേശന വിവാദസമയത്ത് ശബരിമല നട അടച്ചിടാന്‍ തന്ത്രിയോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു.

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ ഉണ്ടായത് പകപോക്കല്‍ നടപടിയെന്ന് മുന്‍ ഗോവ ഗവര്‍ണറും ബിജെപി നേതാവുമായ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല സ്ത്രീ പ്രവേശന വിവാദസമയത്ത് നട അടച്ചിട്ട തന്ത്രിയെ അവസരം കിട്ടിയപ്പോള്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. തന്ത്രിയെ പെരുങ്കള്ളന്‍ എന്ന് എം.വി ഗോവിന്ദന്‍ വിളിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കിയത് ബിജെപി അധ്യക്ഷനായിട്ടല്ലെന്നും അഭിഭാഷകന്‍ എന്ന നിലയിലാണെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

'അഭിഭാഷകന്‍ എന്ന നിലയിലാണ് താന്‍ തന്ത്രിക്ക് ഉപദേശം നല്‍കിയത്. ഉപദേശം ശ്രവിച്ച തന്ത്രിയോട് കടപ്പാടുണ്ട്. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ല എന്നതാണ് കോടതി ഉത്തരവ്. ശബരിമല സ്ത്രീ പ്രവേശന വിവാദസമയത്ത് നട അടച്ചിട്ട തന്ത്രിയെ അവസരം കിട്ടിയപ്പോള്‍ പക പോക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകണം. പെരുങ്കള്ളന്‍ എന്ന എം.വി ഗോവിന്ദന്റെ വിമര്‍ശനം നിയമവാഴ്ചയോടുള്ള വെല്ലുവിളി തന്നെയാണ്'. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് ഒരിക്കല്‍ സ്വീകരിച്ചത്. ഇക്കാര്യം കോണ്‍ഗ്രസ് വിശദീകരിക്കണം. താന്‍ തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്കില്ല'. ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീപ്രവേശനസമയത്ത് ശബരിമല നട അടച്ചിടാന്‍ തന്ത്രിയോട് താന്‍ പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു.

Similar Posts