
വൃക്ക വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ തെരുവു ഗായകന് സഹായം
|വീടു വച്ചു നല്‍കാന്‍ സഹായിക്കുമെന്ന് പി.ടി. തോമസ് എം.എല്‍.എ
ജീവിതം വഴിമുട്ടിയതോടെ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ തെരുവു ഗായകന്‍ റൊണാള്‍ഡിന് സഹായവുമായി പി.ടി. തോമസ് എം.എല്‍.എ. റൊണാൾഡിന് വീടു വച്ചു നല്‍കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ. അറിയിച്ചു. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ റൊണാള്‍ഡിന്‍റെ ദുരിതയാത്ര മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഭിന്നശേഷിക്കാരനായ റൊണാള്‍ഡ് ഒറ്റയ്ക്കായത്. ആകെയുണ്ടായിരുന്ന സഹായം അനന്തരവനായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഗുരുതര രോഗം ബാധിച്ചതോടെ റൊണാള്‍ഡിന്‍റെ എല്ലാ വഴിയും അടഞ്ഞു. വീടില്ല പണമില്ല ഭക്ഷണവുമില്ലാത്ത അവസ്ഥയായി.
ഗത്യന്തരമില്ലാതെ അനന്തരവന്‍റെ ചികിത്സയ്ക്കും തന്‍റെ വിശപ്പകറ്റാനുമായി വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന പരസ്യബോര്‍ഡ് വാഹനത്തില്‍ തൂക്കി യാത്ര തുടങ്ങുകയായിരുന്നു റൊണാള്‍ഡ്. ഈ ദുരിതയാത്ര വാര്‍ത്തയായതോടെയാണ് പി.ടി. തോമസ് എം.എല്‍.എ. റൊണാള്‍ഡിനെ കാണാനെത്തിയത്. ജയിലില്‍ കഴിയുന്ന റൊണാള്‍ഡിന്‍റെ മകനു വേണ്ട നിയമസഹായം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു.