
മദ്യപിച്ചത് ചോദ്യം ചെയ്തു; കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർഥികളുടെ പരാക്രമം, ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു
|വിദ്യാർഥികൾ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയും ചെയ്തു
കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർഥികളുടെ പരാക്രമം. ഹോട്ടൽ ജീവനക്കാരെ വിദ്യാർഥികൾ മർദ്ദിച്ചു. പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചത്. കളമശേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ് അക്രമം നടത്തിയതെന്നാണ് ഹോട്ടൽ ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെ ആറ് വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തി. ഇവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ കയ്യിൽ കരുതിയ മദ്യം എടുത്ത് കുടിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവര്‍ ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ജീവനക്കാർ വിദ്യാർഥികളെ ചോദ്യം ചെയ്യുകയും ഇത് വാക്കേറ്റത്തിലെത്തുകയും ചെയ്തു. പിന്നീട് ഇത് പറഞ്ഞുതീർത്ത് വിദ്യാർഥികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോയി.
തുടർന്ന് ഇവർ പതിനഞ്ചിലധികം വരുന്ന വിദ്യാർഥി സംഘവുമായി തിരികെയെത്തി ഹോട്ടലിലെ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. സംഘം ഹോട്ടലിൽ ഉണ്ടാക്കി വെച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലീസിൽ ഹോട്ടൽ ജീവനക്കാർ പരാതി നൽകി. സംഭവത്തിൽ നിലവിൽ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾക്കായുള്ള അന്വേഷണം തുടരുകയാണ്.