Kerala
പ്രമേഹബാധിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala

പ്രമേഹബാധിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്

Web Desk
|
11 Nov 2023 7:49 AM IST

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ ഷുഗർ നില ഏത് നിമിഷവും മാറാവുന്നതിനാൽ കുട്ടികൾക്ക് ഇൻസുലിൻ എടുക്കാനായി മാതാപിതാക്കൾ അതത് സമയങ്ങളിൽ സ്കൂളിൽ പോകേണ്ട സ്ഥിതിയാണ്

കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകണമെന്ന ബാലവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും ചുരുങ്ങിയത് രണ്ട് അധ്യാപകർക്കെങ്കിലും ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികളെ പരിചരിക്കുന്നതിനുള്ള വിദഗ്ധ പരിശീലനം നൽകണമെന്നായിരുന്നു ജൂണിൽ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ അധ്യാപകർക്ക് പരിശീലനം നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പ് എന്നിവക്ക് നിർദ്ദേശം നൽകിയിരുന്നു. ഒക്ടോബർ ആദ്യവാരം സംസ്ഥാനത്താദ്യമായി ഡയറ്റ് കോഴിക്കോട് ജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി. എന്നാൽ മറ്റ് ജില്ലകളിൽ ഇതുവരെയും പരിശീലനം ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് രോഗബാധിതരുടെ രക്ഷിതാക്കൾ ടൈപ്പ് വൺ ഡയബറ്റിക് ഫൌണ്ടേഷൻ കേരള, മന്ത്രി വി. ശിവൻകുട്ടി എന്നിവർക്ക് നിവേദനവും നൽകിയിരുന്നു.

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ ഷുഗർ നില ഏത് നിമിഷവും മാറാവുന്നതാണ്. അതിനാൽ കുട്ടികൾക്ക് ഇൻസുലിൻ എടുക്കുന്നതിനായി മാതാപിതാക്കൾ അതത് സമയങ്ങളിൽ സ്കൂളിൽ പോകേണ്ടിവരുന്നു. പല മാതാപിതാക്കളും സ്കൂളുകളിൽ തന്നെ നിൽക്കേണ്ട സാഹചര്യവും ഉണ്ട്.

പലപ്പോഴും കുട്ടികളുടെ ഷുഗർ നിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ അധ്യാപകരും മറ്റ് ജീവനക്കാരും നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Summary: The Department of Public Education did not implement the Child Rights Commission order to provide training to teachers of schools where children suffering from type one diabetes study.

Similar Posts