
പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
|പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ റെയില്‍വേ പൊലീസിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഇന്ന് രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞാതൻ ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ വിശദമായ പരിശോധന തുടരുകയാണ്.
ചെങ്ങന്നൂരില്‍ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയില്‍നിന്ന് ട്രെയിന്‍ കയറിയതായിരുന്നു യുവതി. ട്രെയിന്‍ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ ഇയാള്‍ യുവതിക്കരികില്‍ എത്തുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങുകയുമായിരുന്നു. വീണ്ടും ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു. കാഞ്ഞിരമറ്റം സ്റ്റേഷനിലാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.
ചെങ്ങന്നൂരില്‍ സ്‌കൂളില്‍ ജീവനക്കാരിയാണ് യുവതി. സംഭവസമയത്ത് യുവതി മാത്രമായിരുന്നു കംപാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നത്. യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ട്രെയിനിലെ മറ്റൊരു കമ്പാര്‍ട്ട്‌മെന്‍റിലായിരുന്ന ഇയാള്‍ യുവതി സഞ്ചരിച്ച കംപാര്‍ട്‌മെന്‍റില്‍ എത്തുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിന് 22കാരിയായിരുന്ന സൗമ്യ ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. ഇതിന് സമാനമായ രീതിയിലാണ് പുനലൂര്‍ പാസഞ്ചറിലും യുവതിക്ക് നേരെ ആക്രമണം നടന്നിട്ടുള്ളത്. അതെ സമയം പ്രതി എന്ന് സംശയിക്കുന്നയാള്‍ ഒരു കണ്ണിനു മാത്രം കാഴ്ച്ച ഉള്ള ആളെന്നു റെയിൽവേ സരക്ഷണ സേന പറയുന്നു. ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങിയെന്നും ആര്‍പിഎഫ് പ്രതികരിച്ചു.