< Back
Kerala
പുനർജനി പദ്ധതി: വി.ഡി സതീശൻ പണം വാങ്ങിയെന്നതിന് തെളിവില്ല, വിജിലൻസ് റിപ്പോർട്ട് പുറത്ത്
Kerala

പുനർജനി പദ്ധതി: വി.ഡി സതീശൻ പണം വാങ്ങിയെന്നതിന് തെളിവില്ല, വിജിലൻസ് റിപ്പോർട്ട് പുറത്ത്

Web Desk
|
4 Jan 2026 5:44 PM IST

2025 സെപ്തംബർ 19ന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് മീഡിയവണിന് ലഭിച്ചത്. വിജിലൻസ് ഡയരക്ടർ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോർട്ട്.

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ്.

വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനർജനി ഫണ്ട് സതീശൻ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട്. വിജിലൻസ് ഡയരക്ടർ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോർട്ട്. 2025 സെപ്തംബർ 19ന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് മീഡിയവണിന് ലഭിച്ചത്.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശ നൽകിയതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. പതിനൊന്ന് മാസങ്ങൾക്ക് മുൻപാണ് ഇത്തരമൊരു ശിപാർശ നൽകിയിരുന്നത്. എന്നാൽ, വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം 2025 സെപ്തംബറിലാണ് സതീശനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി കത്ത് നൽകിയിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുനർജനി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസ് ശുപാർശയാണ് രാവിലെ പുറത്തുവന്നിരുന്നത്.

Watch Video Report


എഫ്.സി.ആർ.എ നിയമലംഘനം, വിദേശ ഫണ്ട് കേരളത്തിൽ എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. എന്നാല്‍ എന്തുവേണമെങ്കിലും പരിശോധിച്ചോട്ടെ എന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്.

നിയമസഭാ സമ്മേളനത്തിലേക്ക് വരുമ്പോൾ പ്രതിപക്ഷത്തെ നേരിടാനുള്ള ഒരു ആയുധമായിട്ട് കൂടിയാണ് വിജിലൻസിന്റെ ശുപാർശയെ സർക്കാർ കാണുന്നത്.

അതേസമയം പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സർക്കാർ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. തെറ്റായി കേസെടുത്ത സർക്കാർ മാപ്പ് പറയണം. കഴമ്പില്ലാത്ത കേസാണെന്ന് താൻ നേരത്തെ പറഞ്ഞതാണെനും സണ്ണിജോസഫ് മീഡിയവണിനോട് പറഞ്ഞു.

Similar Posts