< Back
Kerala
jaick c thomas

ജെയ്ക് സി.തോമസ് പ്രചരണത്തിനിടെ

Kerala

സതിയമ്മ വിവാദത്തിന് പിറകേ എം.എം മണിയുടെ പരാമർശങ്ങളും ഇടതുമുന്നണിക്ക് ബാധ്യതയാകുന്നു

Web Desk
|
25 Aug 2023 6:39 AM IST

വികസനമെന്ന ഒറ്റ പോയിന്‍റില്‍ പുതുപ്പള്ളിയിലെ പ്രചാരണം പിടിച്ചു നിർത്താനാണ് എല്‍.ഡി.എഫിന്‍റെ ആഗ്രഹം

കോട്ടയം: ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അപഹസിക്കുന്ന ചർച്ചകള്‍ തിരിച്ചടിയാകുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തുമ്പോഴും അത് തടയാന്‍ മുന്നണിക്ക് കഴിയുന്നില്ല. സതിയമ്മ വിവാദത്തിന് പിറകേ എം.എം മണിയുടെ പരാമർശങ്ങളും ഇടതുമുന്നണിക്ക് ബാധ്യതയാകുന്ന സ്ഥിതിയാണ്.

വികസനമെന്ന ഒറ്റ പോയിന്‍റില്‍ പുതുപ്പള്ളിയിലെ പ്രചാരണം പിടിച്ചു നിർത്താനാണ് എല്‍.ഡി.എഫിന്‍റെ ആഗ്രഹം. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ പല രീതിയില്‍ പുതുപ്പള്ളിയില്‍ തുടരുന്നതാണ് ഇപ്പോഴും കാണുന്നത്. സതിയമ്മ ജോലി വിവാദം എല്‍.ഡി.എഫിന് ദോഷമായെന്ന് സി.പി.എം തന്നെ വിലയിരുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരില്‍ മൃഗാശുപത്രിയിലെ ജോലിയില്‍ നിന്നും സതിയമ്മ പുറത്താക്കപ്പെട്ടത് മനുഷ്യത്വ വിരുദ്ധ നടപടിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

യു.ഡി.എഫ് അത് പരമാവധി ഉപയോഗിക്കുകയും ചെയ്തു. ഇതിന് പിറകേയാണ് എം.എം മണി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടി വികാരം നിലനില്‍ക്കുന്ന പുതുപ്പള്ളിയില്‍ എം.എം മണിയുടെ അഭിപ്രായപ്രകടനം ആത്മഹത്യാപരമാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ക്ക് തന്നെ അഭിപ്രായമുണ്ട്.

മണിയുടെ അഭിപ്രായപ്രകടനം യു.ഡി.എഫ് പ്രചാരണ വിഷയമാക്കി മാറ്റിക്കഴിഞ്ഞു. കുടുംബത്തെ വെറുതേ വിടണമെന്ന അഭ്യർഥനയുമായി ചാണ്ടി ഉമ്മനും രംഗത്ത് വന്നു. പുതുപ്പള്ളിയില്‍ വികസനമാണ് ചർച്ചയെന്ന് ആവർത്തിക്കുമ്പോഴും തങ്ങളുടെ നേതാക്കളെ പോലും അക്കാര്യം ബോധ്യപ്പെടുത്താന്‍ എല്‍.ഡി.എഫിന് കഴിയാത്ത സ്ഥിതിയാണ്. പുതുപ്പള്ളിയില്‍ സഹതാപതരംഗമുണ്ടെങ്കില്‍ അതിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് മണിയുടെ ഓരോ വാക്കുകളും.

Similar Posts