< Back
Kerala
PV Anvar MLA gives written complaint to cpm against p sasi
Kerala

പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ

Web Desk
|
19 Sept 2024 7:06 PM IST

പരാതി എഴുതിനൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്.

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, ‌എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ.

ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനൽകിയിരുന്നത്. ശശിക്കെതിരെ പരാതി എഴുതിനൽകിയിരുന്നില്ല.

എഴുതിനൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ദൂതൻ മുഖേന ഇപ്പോൾ പി.വി അൻവർ പരാതി പാർട്ടിക്ക് കൈമാറിയത്. എം.വി ഗോവിന്ദൻ നിലവിൽ ആസ്‌ത്രേലിയയിലാണ്. തിരികെ വന്നശേഷമായിരിക്കും തുടർനടപടികളുണ്ടാവുക.

അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേൽപ്പിച്ച ദൗത്യങ്ങൾ പി. ശശി ചെയ്യുന്നില്ല, കാര്യങ്ങൾ ധരിപ്പിക്കുന്നില്ല ‌എന്നതടക്കമുള്ള ആരോപണങ്ങളാണ് നേരത്തെ അൻവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നത്. ഇവയാണ് ഇപ്പോൾ പാർട്ടിക്ക് എഴുതിനൽകിയിരിക്കുന്നത്.

Similar Posts