
അസോസിയേറ്റ് ഘടകകക്ഷി നയം അംഗീകരിക്കില്ല; പി.വി അൻവർ മത്സരിക്കും
|പൂർണ ഘടകകക്ഷി സ്ഥാനം നൽകിയില്ലെങ്കിൽ മത്സരിക്കാനാണ് ടിഎംസി സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി അൻവർ മത്സരിക്കും. അസോസിയേറ്റ് ഘടകകക്ഷി നയം ടിഎംസി അംഗീകരിക്കില്ല. പൂർണ ഘടകകക്ഷി സ്ഥാനം നൽകിയില്ലെങ്കിൽ മത്സരിക്കാനാണ് തീരുമാനം. ഇന്നത്തെ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മത്സരിക്കാൻ തീരുമാനിച്ചത്.
ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട പി.വി അൻവർ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമാണെന്നും തൽക്കാലം നയം വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവറിനെ ഒതുക്കാനാണോ അതോ പിണറായി വിജയനെ ഒതുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു. വി.ഡി സതീശൻ രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് കെ.സി വേണുഗോപാൽ താനുമായി തീരുമാനിച്ച കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും അൻവർ ആരോപിച്ചിരുന്നു.
എന്നാൽ സ്ഥാനാർഥിയായ ഷൗക്കത്തിനെയും പ്രതിപക്ഷനേതാവിനെയും വിമർശിക്കുന്ന അൻവറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. തീരുമാനങ്ങൾ എല്ലാവരും ചേർന്ന് എടുക്കുന്നതാണെന്നും സതീശൻ സ്വന്തമായി ഒന്നും തീരുമാനിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.