< Back
Kerala
PV Anvar reaction on Secret meeting of RSS-supporting prison officials
Kerala

പിണറായിസത്തെ താഴെയിറക്കാൻ യുഡിഎഫിന് ഒപ്പം നിൽക്കും; വി.ഡി സതീശനെതിരായ ആരോപണം അടഞ്ഞ അധ്യായം: പി.വി അൻവർ

Web Desk
|
7 Jan 2025 11:21 AM IST

അധികാരത്തിന് വേണ്ടിയല്ല യുഡിഎഫിന് ഒപ്പം പോകുന്നത്. നിലപാടുകളാണ് പ്രധാനമെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു.

നിലമ്പൂർ: പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് പി.വി അൻവർ. താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ജനങ്ങൾ ഏറ്റെടുത്തതാണ്. അത് ശരിയാണെന്ന് എല്ലാവർക്കും അറിയാം. പിണറായിയുടെ ഭരണത്തിനെതിരെ ഒറ്റക്ക് പോരാടിയതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് യുഡിഎഫുമായി സഹകരിക്കും. യുഡിഎഫിൽ ചേരുമോ പുറത്തുനിന്ന് പിന്തുണയ്ക്കുമോ എന്നത് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൻവർ പറഞ്ഞു.

നിലമ്പൂരിൽ മത്സരിക്കുമോ എന്നതിന് ഇപ്പോൾ പ്രസക്തിയില്ല. കോൺഗ്രസിൽ ഒരുപാട് നേതാക്കളുണ്ട്. മത്സരിക്കാൻ ഒരുപാട് പേരുണ്ടാവും, പാർട്ടിയാണ് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുക. അതിൽ താൻ ആശങ്കപ്പെടുന്നില്ല. ലീഗ് തന്ന ധാർമിക പിന്തുണക്ക് നന്ദി പറയാനാണ് പാണക്കാട് പോകുന്നത്. രാഷ്ട്രീയത്തിൽ തീരുമാനങ്ങൾ ഇരുമ്പുലക്കയല്ല. ലീഗിനെതിരെ മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നത് ലീഗ് നേതൃത്വത്തിനോ പാണക്കാട് കുടുംബത്തിനോ വലിയ വിഷയമാകുമെന്ന് കരുതുന്നില്ല. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച അഴിമതിയാരോപണം അടഞ്ഞ അധ്യായമാണ്. പുതിയ അധ്യായങ്ങൾ തുറക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.

അധികാരത്തിനും സീറ്റിനും വേണ്ടിയല്ല യുഡിഎഫുമായി സഹകരിക്കുന്നത്. അധികാരത്തിന് വേണ്ടിയാണെങ്കിൽ നിലവിലുള്ള മുന്നണിയിൽ തന്നെ നിന്നാൽ മതിയായിരുന്നു. ചില നിലപാടുകളുടെ പേരിലാണ് യുഡിഎഫുമായി സഹകരിക്കുന്നത്. എംഎൽഎ ആവുക എന്നത് തന്റെ ലക്ഷ്യമല്ല. ജനങ്ങൾ നേരിടുന്ന വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാനാണ് യുഡിഎഫുമായി സഹകരിക്കുന്നതെന്നും അൻവർ വ്യക്തമാക്കി.

യുഡിഎഫുമായി സഹകരിക്കുമെന്ന സൂചന ലഭിച്ചതുകൊണ്ടാണ് തിരക്കിട്ട അറസ്റ്റ് ഉണ്ടായത്. താനുമായി സഹകരിക്കുമെന്ന് നിരവധി നേതാക്കൾ പറഞ്ഞിരുന്നു. അത് സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. ദീർഘകാലം ജയിലിലടക്കാൻ ലക്ഷ്യമിട്ടാണ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. ജുഡീഷ്യറിയുടെ വിശാലമായ കാഴ്ചപ്പാട് കാരണമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും അൻവർ പറഞ്ഞു.

ഇടതുപക്ഷത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ച ന്യൂനപക്ഷ സമുദായം വർഗീയവാദികളാണ് എന്നാണ് മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവും പറയുന്നത്. കേന്ദ്രമന്ത്രിമാർ അടക്കം അത് ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു. ഈ വിഷയങ്ങൾ ഒരു മുസ്‌ലിം നേതാവ് ഏറ്റെടുത്ത് രംഗത്ത് വരുന്നത് വലിയ തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് അറിയാം. അതുകൊണ്ടാണ് തന്നെ പൂട്ടാൻ ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.

Similar Posts