
'യുഡിഎഫിന്റെ ഭാഗമാക്കാമെന്ന് പറഞ്ഞിട്ട് കാലമെത്രയായി, കോണ്‍ഗ്രസില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരാരും ബന്ധപ്പെട്ടിട്ടില്ല'; പി.വി അൻവർ
|കുഞ്ഞാലിക്കുട്ടിയെ കാര്യങ്ങൾ ധരിപ്പിച്ചെന്നും അന്‍വര്‍
മലപ്പുറം: മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പി.കെ കുഞ്ഞാലിക്കുട്ടിയെക്കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കം മുതല്‍ വളരെ പോസിറ്റീവായി പിന്തുണ നല്‍കിയിരുന്ന വ്യക്തിയായിരുന്നു കുഞ്ഞാലിക്കുട്ടി.അതുകൊണ്ട് തന്നെ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ടായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കാമെന്ന് പറഞ്ഞിട്ട് എത്ര കാലമായെന്നും അന്‍വര്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പലരും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നത്, ഇനിയും അങ്ങനെ തന്നെ തുടരും. നിലമ്പൂരിൽ മത്സരിക്കുന്ന കാര്യവും പിന്തുണയുടെ കാര്യവും പിന്നീട് പറയാമെന്നും അന്‍വര്‍ പറഞ്ഞു.