< Back
Kerala
pv anwar mla
Kerala

അൻവറിൻ്റെ ആരോപണങ്ങളിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മൊഴിയെടുപ്പ് മതിയെന്ന് ഡിജിപി

Web Desk
|
5 Sept 2024 6:21 AM IST

അന്വേഷണം തുടങ്ങാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം അന്വേഷണം എന്ന നിലപാടാണ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് എടുത്തത്

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരായ ആരോപണങ്ങളിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മതി പി.വി അൻവർ എം.എൽ.എയുടെ മൊഴിയെടുപ്പെന്ന് സംസ്ഥാന പൊലീസ് മേധാവി. പ്രാഥമികാന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ മൊഴിയെടുപ്പ് അനിവാര്യമായി തോന്നിയാൽ അത് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്‍റെ യോഗത്തിലെ തീരുമാനം.

മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം തുടങ്ങാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം അന്വേഷണം എന്ന നിലപാടാണ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് എടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്നുതന്നെ അന്വേഷണം തുടങ്ങും. ഓരോ ഉദ്യോഗസ്ഥരും അൻവറിന്‍റെ ഓരോ ആരോപണങ്ങളിൽ അന്വേഷണം നടത്തട്ടെയെന്നാണ് ഡിജിപി യോഗത്തിൽ വ്യക്തമാക്കിയത്. ഏതൊക്കെ ആരോപണങ്ങൾ ഏതൊക്കെ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഇന്ന് തീരുമാനിക്കും. ഇതിനിടെ അജിത് കുമാറിന്‍റെ പരാതിയും ആരോപണങ്ങളും കൂടി അന്വേഷിക്കാനും ഡിജിപിയുടെ നിർദേശം.

അതേസമയം ആരോപണങ്ങൾ ചർച്ചയായിരിക്കെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ചേരും. വിവാദങ്ങളിൽ കടുത്ത അതൃപ്തി സിപിഐ ക്കുണ്ട്. ഇക്കാര്യം നിർവാഹകസമിതിയിൽ ചർച്ചയ്ക്ക് വരും. പാലക്കാട്ടെ സമാന്തര കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. പത്തനംതിട്ടയിലെ അഴിമതി ആരോപണവും കോട്ടയത്തെ ഒളിക്യാമറ വിവാദവും ചർച്ചയാകും. എം മുകേഷ് എംഎൽഎയുടെ രാജി വെക്കണ്ട സിപിഎം നിലപാടിനെതിരെയും വിമർശനം ഉണ്ടാവും.



Related Tags :
Similar Posts