< Back
Kerala
അൻവറിന് ശരിയായ നിലപാട് എടുക്കാൻ ജൂണ്‍ 19 വരെ  സമയമുണ്ട്: വി.ടി ബൽറാം
Kerala

അൻവറിന് ശരിയായ നിലപാട് എടുക്കാൻ ജൂണ്‍ 19 വരെ സമയമുണ്ട്: വി.ടി ബൽറാം

Web Desk
|
4 Jun 2025 10:31 AM IST

ക്ഷേമ പെൻഷനിൽ വൈകാരികത ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ബൽറാം മീഡിയവണിനോട്

മലപ്പുറം: പി.വി അൻവറിന് ശരിയായ തീരുമാനം എടുക്കാൻ ഇനിയും സമയം ഉണ്ടെന്ന് വി.ടി ബൽറാം. ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. അൻവർ ശരിയായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. ശരിയായ നിലപാട് സ്വീകരിക്കാൻ പി.വി അൻവറിന് ജൂൺ 19 വരെ സമയമുണ്ട്. നിലപാടുകൾ മാറ്റിപറയുന്ന രീതിയാണ് അൻവർ സ്വീകരിക്കുന്നത്.അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണ്.സ്വാഭാവികമായും അദ്ദേഹം കൂടെയുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്, നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് വന്നാലും സന്തോഷമാണ്.എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ പറയാതിരിക്കുക,പിന്തുണ പ്രഖ്യാപിക്കുക.'- ബൽറാം പറഞ്ഞു.

ക്ഷേമ പെൻഷനിൽ വൈകാരികത ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ കുടിശ്ശിക വരുത്തി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിതരണം ചെയ്യുന്നതിൽ ചില ലക്ഷ്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാൽ പറഞ്ഞതിൽ തെറ്റില്ലെന്നും ബൽറാം മീഡിയവണിനോട് പറഞ്ഞു.

ആര്യാടൻ മുഹമ്മദ് മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇടതുപക്ഷം ആര്യാടൻ മുഹമ്മദിനെ മന്ത്രിയാക്കിയത്. ഇന്നത്തെ കാര്യം ചോദിക്കുമ്പോൾ 70 വർഷം മുമ്പുള്ള കാര്യങ്ങൾ പറയുക എന്നതാണ് സിപിഎമ്മിന്‍റെ രീതിയെന്നും ബൽറാം പറഞ്ഞു.


Similar Posts