< Back
Kerala
പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
Kerala

പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

Web Desk
|
8 Jan 2026 4:39 PM IST

തലശ്ശേരി സ്വദേശി താജുദ്ദീൻ ജയിലിൽ കഴിഞ്ഞത് 54 ദിവസം

കൊച്ചി: പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും വാര്‍ത്ത പുറത്തെത്തിച്ച മീഡിയവണിന് നന്ദിയെന്നും താജുദ്ദീന്‍ പ്രതികരിച്ചു. താജുദ്ദീന്റെ ദുരവസ്ഥ മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

'പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണുള്ളത്. നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ കോടതി ജയില്‍മോചിതനാക്കിയിരുന്നു. താനല്ല അത് ചെയ്തതെന്ന് ഹൈക്കോടതി തെളിയിച്ചുതരണം'. താജുദ്ദീന്റെ ശബ്ദമിടറി.

സന്തോഷത്തില്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന കുടുംബമായിരുന്നു തങ്ങളുടേതെന്നും പൊലീസിന്റെ അതിബുദ്ധി കാരണം ഉപ്പാനെ ജയിലിലടച്ചതോടെ ആ സന്തോഷത്തിന് മങ്ങലേറ്റതായും മകന്‍ തെസിന്‍ പ്രതികരിച്ചു.

'54 ദിവസമാണ് പ്രായമായ ഉപ്പ ജയിലില്‍ കിടന്നത്. പെരുന്നാളിനടക്കം ഉപ്പ ജയിലിലായിരുന്നു. തങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഉപ്പയുടെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഖത്തറിലുള്ള ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ മുടങ്ങി. ഉപ്പാക്കെതിരെ സ്‌പോണ്‍സര്‍ കേസ് കൊടുത്തത് കാരണം അവിടെയും 24 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആയുസിന്റെ പ്രധാനപ്പെട്ട സമയം പൊലീസുകാര്‍ കാരണമാണ് നഷ്ടപ്പെട്ടത്. അത് ജീവിതത്തിലൊരിക്കലും അനുഭവിക്കാത്തവര്‍ക്ക് മനസിലാകുമെന്ന് തോന്നുന്നില്ല'. മകന്‍ വ്യക്തമാക്കി.

'ഒരുപാട് സ്വപ്‌നങ്ങള്‍ വെച്ചുപുലര്‍ത്തിയ ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം കെടുത്തിയതിന്റെ കാരണക്കാര്‍ പൊലീസുകാര്‍ മാത്രമാണ്. ആത്മഹത്യക്ക് പോലും ശ്രമിച്ച സമയമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പൊലീസുകാര്‍ കാരണം അത്രയും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.കോടതിവിധി തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിച്ച അസഫലി, മീഡിയവണ്‍, കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം എന്നിവര്‍ക്ക് നന്ദി

കോടതി തന്ന പണത്തിലല്ല, ഇനിയൊരാള്‍ക്കും ഇത്തരത്തില്‍ അവസ്ഥ വരാതിരിക്കാന്‍ പൊലീസുകാര്‍ക്ക് ശ്രദ്ധ വേണമെന്നും തെസിന്‍ താജുദ്ദീന്‍ കൂട്ടിച്ചേർത്തു.

Similar Posts