
ചോദ്യപേപ്പർ ചോർന്ന സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
|വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി
തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുന്നത്.
സ്വകാര്യ ട്യൂഷൻ സെന്‍ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. എസ്എസ്എൽസി, ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.
അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷൻ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.