< Back
Kerala
r sreelekha explanation
Kerala

'ട്രെയിനില്‍ ഇത്രയേറെ യാത്ര ചെയ്യാന്‍ പ്രയാസം'; ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ

Web Desk
|
9 Feb 2026 4:42 PM IST

'വിമാനത്തില്‍ യാത്രയൊരുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എന്തിനാണ് ഒരുപാട് പൈസ കളയുന്നത്'

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ. വ്യക്തിപരമായ പ്രയാസം കാരണമാണ് ട്രെയിനില്‍ പോകാതിരുന്നത്. അനിഷ്ടമോ നീരസമോ അല്ല ഇതിന് പിന്നിലെന്നും ശ്രീലേഖ പറഞ്ഞു.

'ഈ പ്രായത്തില്‍ എനിക്ക് ട്രെയിനില്‍ ഇത്രയും വലിയ ഒരു യാത്ര നടത്താന്‍ പ്രയാസമാണെന്ന് പറഞ്ഞു. വിമാനത്തില്‍ യാത്രയൊരുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എന്തിനാണ് ഒരുപാട് പൈസ കളയുന്നത്. പൈസ അനാവശ്യമായിട്ട് ചെലവഴിക്കുന്നതില്‍ വിരോധമുള്ള വ്യക്തിയാണ്. പിന്നെ എനിക്ക് വ്യക്തിപരമായുള്ള ചില ബുദ്ധിമുട്ടുകളുമുണ്ട്. അഞ്ച് ദിവസം മാറിനില്‍ക്കാന്‍ പ്രയാസമാണ്. അല്ലാതെ, പ്രതിഷേധിച്ചോ ആരോടും അനിഷ്ടമുണ്ടായിട്ടോ നീരസം പ്രകടിപ്പിക്കാനോ അല്ല പോകാത്തത്' -ശ്രീലേഖ പറഞ്ഞു.

നേതൃത്വവുമായുള്ള അതൃപ്തിയുടെ ഭാഗമായാണ് ശ്രീലേഖ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന ആരോപണങ്ങള്‍ക്കിടെയാണ് വിശദീകരണം. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വേദിയില്‍ ശ്രീലേഖ അകലം പാലിച്ചതും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നത് പ്രോട്ടോക്കോള്‍ കൃത്യമായി അറിയാവുന്നതുകൊണ്ടാണെന്നായിരുന്നു ഇതിന് ശ്രീലഖയുടെ ന്യായീകരണം. ക്ഷണിക്കപ്പെടാതെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്ന ബോധ്യം ഒരു മുന്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ തനിക്കുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

അവസാനനിമിഷം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി നേരത്തെയും ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പ് വേദി വിട്ടുപോയതും ചര്‍ച്ചയായിരുന്നു.

Similar Posts