< Back
Kerala
അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വർ അറസ്റ്റിൽ
Kerala

അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വർ അറസ്റ്റിൽ

Web Desk
|
30 Nov 2025 9:37 PM IST

രാഹുൽ ഈശ്വറിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകൾക്ക് പുറമെ BNS 75 (3) വകുപ്പഡി കൂടിയാണ് അറസ്റ്റ്. ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. രാഹുൽ ഈശ്വറിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരത്തെ തൈക്കാട്ടെ എആർ ക്യാമ്പിലേക്ക് എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതക്കെതിരെ നിരന്തരമായി ആരോപണങ്ങളുന്നയിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ് . രാഹുലിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയും അതിജീവിതയെ ആക്ഷേപിക്കുകയും ചെയ്യുന്ന തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

Similar Posts