
'കേരളത്തിലേത് ചരിത്രവിജയം'; കെപിസിസി വിജയോത്സവം ഉദ്ഘടനം ചെയ്ത് രാഹുൽ ഗാന്ധി
|മഹാപഞ്ചായത്ത് എന്ന പേരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്
കൊച്ചി: കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവത്തിന് കൊച്ചിയിൽ തുടക്കമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് ചരിത്ര വിജയമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ തൊഴിലില്ലായ്മയടക്കം നിരവധി പ്രശ്നങ്ങളുണ്ട്. മികച്ച രാഷ്ട്രീയ ബോധമുള്ള ജനതയാണ് കേരളത്തിലേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ഇന്ത്യ നിശബ്ദമായിരിക്കണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മുഴുവൻ സ്വത്തും വളരെ കുറച്ച് ആളുകളിലേക്ക് ഒതുങ്ങണമെന്ന് അവർ ആഗ്രഹിക്കുന്നു. ഈ മലയാളക്കരയുടെ ശബ്ദത്തെ നിശബ്ദമാക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പം വരാനിരിക്കുന്ന തെരഞ്ഞെടുപ്പും അത് രാജ്യത്തോട് ഉറക്കെ വിളിച്ച് പറയും. അധികാരത്തിൽ വരുമെന്ന് പറയുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാണ്. അധികാരത്തിലെത്തിയാൽ എന്ത് ചെയ്യാൻ കഴിയുമെന്ന് പറയാൻ കോൺഗ്രസിന് കഴിയും.' രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ ഒരു പാർലമെൻ്റ് അംഗം എന്ന രീതിയിൽ ഈ നാടിൻ്റെ സംസ്കാരം മനസിലാക്കിയ ആളാണ് താൻ. ഇവിടെ പല മതങ്ങൾ ഇഴുകി ചേർന്ന് ജീവിക്കുന്നു. മികച്ച രാഷ്ട്രീയ ബോധമുള്ള ജനത. ജനപ്രതിനിധികൾ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. നിശബ്ദതയുടെ സംസ്കാരത്തെ വളരാൻ അനുവദിക്കാത്തവരായി നിങ്ങൾ മാറണമെന്നും രാഹുൽ ഗാന്ധി.