< Back
Kerala
രാഹുൽ ഗാന്ധിയുടെ ഓഫീസ്  അടിച്ചു തകർത്തത് ശ്രദ്ധയില്‍ പെട്ടിട്ടില്ല: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി
Kerala

'രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ശ്രദ്ധയില്‍ പെട്ടിട്ടില്ല': നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

Web Desk
|
17 July 2022 7:17 AM IST

ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് മറുപടി

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയിൽ പെട്ട വിദ്യാർഥി സംഘടന അടിച്ചു തകർത്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് മറുപടി.

ഈ മാസം 15ന് സജീവ് ജോസഫ്, കെ ബാബു, സനീഷ് കുമാർ ജോസഫ്, ഷാഫി പറമ്പിൽ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി. വയനാട് എം.പിയുടെ ഓഫീസ് 2022 ജൂൺ 24ന് ഭരണകക്ഷിയിൽ പെട്ട വിദ്യാർഥി സംഘടനയുടെ പ്രവർത്തകർ അടിച്ചു തകർത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ ആദ്യ വരി വിദ്യാർഥി സംഘടനയുടെ പ്രവർത്തകർ അടിച്ചു തകർത്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ്. എന്നാൽ വിദ്യാർഥി സംഘടനയുടെ പ്രവർത്തകർ നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരുന്നതായും പറയുന്നു.

വിഷയത്തിൽ ഉന്നയിച്ച മൂന്ന് ചോദ്യങ്ങൾക്കും ഒരേ ഉത്തരമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. സംഘങ്ങളായി എത്തിയ പ്രവർത്തകർ 50 മിനിട്ടോളം അതിക്രമം നടത്തിയ ശേഷമാണ് പുറത്തിറങ്ങിയതെന്നത് വസ്തുതയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം മറുപടിയിൽ കൃത്യമായി പരാമർശിക്കുന്നില്ല. ഗാന്ധിജിയുടെ ചിത്രം തകർത്തത് ആരാണെന്ന് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ, വിശദമായ ഉത്തരം നൽകാമോ എന്ന മൂന്നാമത്തെ ചോദ്യത്തിനുള്ള മറുപടി 153 ഐ.പി.സി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്നാണ്. ഇതും അന്വേഷണ പരിധിയിലാണെന്ന് മറുപടിയിലുണ്ട്.

Similar Posts