< Back
Kerala
ശിവ​ഗിരി മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ​ഗാന്ധി; ഭാരത് ജോ‍‍ഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ
Kerala

ശിവ​ഗിരി മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ​ഗാന്ധി; ഭാരത് ജോ‍‍ഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ

Web Desk
|
14 Sept 2022 7:33 AM IST

മഠത്തിലെത്തിയ രാഹുലിനെ സന്യാസികൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുമായി കേരളത്തിലെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വർക്കല ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു.

ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുൽ ശിവ​ഗിരി മഠത്തിലെത്തിയത്. രാഹുലിനെ ഷാൾ അണിയിച്ചാണ് ശിവ​ഗിരിമഠം സന്യാസികൾ സ്വീകരിച്ചത്.

സന്യാസികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ​ഗാന്ധി 40 മിനിറ്റിലേറെ മഠത്തിൽ ചെലവഴിച്ചു. ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതൽ സാമുദായിക- സാംസ്കാരിക രം​ഗത്തെ നിരവധി പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുന്നു. ഇതിന്റെ ഭാ​ഗമായിട്ടായിരുന്നു ചരിത്രപ്രാധാന്യമുള്ള ശിവ​ഗിരി മഠത്തിലെ സന്ദർശനവും. ആദ്യമായാണ് രാഹുൽ ശിവ​ഗിരി മഠം സന്ദർശിക്കുന്നത്.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. നാവായിക്കുളം ജങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ചാത്തന്നൂരിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം പള്ളിമുക്കിൽ സമാപിക്കും. കൊല്ലം ജില്ലയിൽ രണ്ട് ദിവസമാണ് പര്യടനം.

Similar Posts