
'ഞാൻ വിളിച്ചാൽ വരുന്നതും പ്രഖ്യാപിക്കുന്നതുമാണ് സിപിഎം സ്ഥാനാർഥി എന്ന് അറിഞ്ഞതിൽ സന്തോഷം'; രാഹുൽ മാങ്കൂട്ടത്തിൽ
|തീവ്രവാദി കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടാകുമ്പോൾ യുദ്ധങ്ങൾ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങൾ തിരിച്ചറിയും
കോഴിക്കോട്: സിപിഎമ്മിന് അനുകൂലമായ 2021ലെ തെരഞ്ഞെടുപ്പിൽ പോലും തൃപ്പൂണിത്തറയിൽ ജയിക്കാൻ ഇടത് സ്ഥാനാർഥിയായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ അവിടെയോ മനുഷ്യ - വന്യജീവി സംഘർഷം ഉണ്ടായപ്പോൾ അവിടെയോ സ്വരാജിനെ കണ്ടിട്ടില്ല. സ്വരാജിന്‍റെ സ്ഥാനാർഥിത്വത്തിൽ വലിയ സന്തോഷമെന്നും എം.വി ഗോവിന്ദൻ നിലമ്പൂരിൽ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെയൊക്കെ ആഗ്രഹമെന്നും രാഹുൽ കോഴിക്കോട്ട് പറഞ്ഞു.
ഞാൻ വിളിച്ചാൽ ഉടനെ വരുന്നതും പ്രഖ്യാപിക്കുന്നതും ആണ് സിപിഎമ്മിൻ്റെ സ്ഥാനാർഥി എന്നത് അറിയുന്നതിൽ സന്തോഷമുണ്ട്. മനുഷ്യ വന്യജീവി സംഘർഷം ഉണ്ടായപ്പോൾ ഒറ്റ വാക്ക് ഒരു വരി, ഒരു കുത്ത് ഒരു പ്രതികരണം ഈ നാടിനു വേണ്ടി നടത്തിയോ ? പഹൽഗാം തീവ്രവാദി ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടപ്പോൾ സ്വരാജ് പ്രതികരിച്ചോ ? തീവ്രവാദി കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടാകുമ്പോൾ യുദ്ധങ്ങൾ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങൾ തിരിച്ചറിയും. സ്ഥാനാർഥികൾ കരുത്തരാണോ ദുർബലരാണ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സംസ്ഥാനത്തിനകത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്. ആരും വന്നാലും ഞങ്ങൾക്ക് ഭയമില്ല. നിലമ്പൂരിൽ യുഡിഎഫ് ആധികാരിക ജയം നേടുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവന്മാർ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടിട്ടുണ്ടെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവന്മാർ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടില്ലാത്ത, ഈ മാധ്യമ സ്ഥാപനം ഇറക്കിയിട്ടില്ലാത്ത പോസ്റ്റർ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് അന്തമില്ലാത്ത സൈബർ കീടങ്ങൾ മാത്രമല്ല. ഇത് പ്രചരിപിച്ച ഈ സത്യൻ ടി എന്ന 'മഹാൻ' CPIM ഇടപ്പാൾ ഏരിയ സെക്രട്ടറിയാണ്. ഈ 'മഹാൻ' ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.
ഈ മാന്യ വ്യാജ പ്രചാരകനെതിരെ കേസ് കൊടുത്തിട്ടുണ്ട്. കേസ് കൊടുത്തത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകാൻ കൊള്ളാവുന്ന അഭ്യന്തര മന്ത്രി ഉണ്ടായിട്ടല്ല എങ്കിലും കൊടുത്തു എന്ന് മാത്രം. നിലമ്പൂരിലെ പ്രബുദ്ധ വോട്ടറുമാർ കരുതിയിരിക്കുക പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സിപിഎം ഇറങ്ങിയിട്ടുണ്ട്.