
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസ്: ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും
|പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.
തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. രാഹുലിന്റെ മൊഴിയടക്കം ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും. സ്ത്രീകളെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവിൽ കേസ് എടുത്തിട്ടുള്ളത്. സ്വമേധയാ എടുത്തിട്ടുള്ള കേസിൽ പരാതിക്കാർ ആരെങ്കിലും നേരിട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻറെ ഇന്നലത്തെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് രാഹുലിനെതിരെ കേസ് എടുത്തത്.
അതിനിടെ,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. സിപിഎം പാലക്കാട് സെക്രട്ടറി വിഷയത്തിൽ മാധ്യമങ്ങളെ കാണും.ഇന്നലെ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.
ബി ജെ പിയുടെ പല നേതാക്കൾക്കെതിരെയും ലൈംഗിക പീഡന ആരോപണം ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖ് പറഞ്ഞു.പൊള്ളാച്ചിയിലെ ലോഡ്ജിൽ നിന്നും ചില നേതാക്കളെ പിടിച്ചിരുന്നതായും ഒ കെ ഫാറൂഖ് ആരോപിച്ചു.